
ആലപ്പുഴ : സംസ്ഥാനത്ത് ലൈഫ് പദ്ധതിയിൽ നിർമ്മാണത്തിലുളള വീടുകൾ പൂർത്തിയാക്കുന്നതിന് ഹഡ്കോ 1,500കോടി രൂപ വായ്പ അനുവദിച്ചു.
നിർമ്മാണത്തിലുള്ള 1,27,601 വീടുകൾക്ക് 1,100 കോടി രൂപയും ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിന് 400 കോടി രൂപയും ഉൾപ്പെടെയാണിത്.
2025-26 , 2026-27 സാമ്പത്തിക വർഷങ്ങളിൽ 750 കോടി രൂപവീതം ലഭിക്കും. സർക്കാർ ഗ്യാരന്റിയിലുള്ള വായ്പയുടെ തിരിച്ചടവ് 15 വർഷം കൊണ്ട് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്ന് കുറവ് ചെയ്ത് ഹഡ്കോയ്ക്ക് നല്‍കും. വായ്പയുടെ പലിശ സർക്കാർ ഓരോ വർഷവും ബഡ്ജറ്റ് വിഹിതത്തിൽ നിന്നു നൽകും. ലൈഫ് പദ്ധതി പ്രകാരം ഗുണഭോക്താവിന് നൽകേണ്ട 4 ലക്ഷം രൂപയിൽ രണ്ട് ലക്ഷം ഹഡ്കോ വായ്പയായി നൽകുമ്പോൾ രണ്ട് ലക്ഷം ത്രിതലപഞ്ചായത്ത് വിഹിതമായാണ് അനുവദിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വിഹിതവും വായ്പാ തിരിച്ചടവിന്റെ മുതലും കണ്ടെത്തുന്നത് സംസ്ഥാന സർക്കാർ നൽകുന്ന വികസന ഫണ്ടിൽ നിന്നാണ്.
1,27,601 വീടുകൾ കൂടി യാഥാർഥ്യമാകും
സംസ്ഥാനത്ത് 6,00,547 വീടുകൾ നിർമ്മിക്കാനാണ് ഗുണഭോക്താക്കളുമായി ലൈഫ് മിഷൻ കരാർ വച്ചിട്ടുള്ളത്. ഇതിൽ 4,76,076 വീടുകൾ പൂർത്തീകരിച്ചു.അടുത്ത മാസത്തോടെ അഞ്ച് ലക്ഷം വീടുകളെന്ന ചരിത്രനേട്ടം കൈവരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഹഡ്കോയുടെ സാമ്പത്തിക സഹായം ലഭ്യമായത്. ഇതുവരെ 19,127.47 കോടി രൂപയാണ് കേരളം ലൈഫ് പദ്ധതിക്കായി ചെലവഴിച്ചത്. ഇതിൽ വെറും 2,301 കോടി രൂപയാണ് പി.എം.എ.വൈ വഴി കേന്ദ്രവിഹിതമായി ലഭിച്ചത്. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് ശേഷിക്കുന്ന 16,826.47 കോടി രൂപ സമാഹരിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹഡ്കോ വായ്പ അനുവദിച്ചതോടെ നിർമ്മാണത്തിലുളള വീടുകൾ വേഗത്തിൽ പൂർത്തിയാക്കാനും കരാർ വച്ച വീടുകളുടെ നിർമ്മാണം ആരംഭിക്കാനും കഴിയും
- ലൈഫ് മിഷൻ, കേരള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |