
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും ഷാഫി പറമ്പിൽ എംപിക്കുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ച എംഎ ഷഹനാസിനെ കെപിസിസി സാംസ്‌കാരിക സാഹിതിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്ന് ഷാഫിയോട് പരാതി പറഞ്ഞതായി ഷഹനാസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഗ്രൂപ്പിൽ നിന്നാണ് തന്നെ പുറത്താക്കിയതെന്ന് ഷഹനാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നിർദേശപ്രകാരമാണ് ഇതെന്നും ഷഹനാസ് ആരോപിച്ചു. സ്ത്രീകൾക്കുവേണ്ടി പ്രതികരിച്ചതിന്റെ പേരിൽ പദവികൾ നഷ്ടപ്പെടുകയാണെങ്കിൽ അതിൽ സന്താഷമേയുള്ളൂവെന്നും ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ഷഹനാസ് വ്യക്തമാക്കി.
താൻ പറയുന്നത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് നിരത്തുമെന്നും ഷഹനാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് ഷഹനാസിനെതിരെ നീക്കം നടത്തിയിരിക്കുന്നത്. മഹിളാകോണ്‍ഗ്രസിൽ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്കുവരെ രാഹുലിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും ഷഹനാസ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഹുലിനെതിരെ പരാതി പറയാത്ത മുഴുവൻ സ്ത്രീകളുടെ മൗനത്തിനും ഷാഫി ഉത്തരം പറയണമെന്നും അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |