ചെന്നൈ: അത്ര പെട്ടെന്ന് താൻ മരിക്കില്ലെന്ന് മലയാള സീരിയൽ രംഗത്തെ ആദ്യ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹനായ മധു മോഹൻ. മധുമോഹൻ മരിച്ചതായി ഇന്നലെ രാവിലെ പ്രമുഖ ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിക്കുകയായിരുന്നു.
'' ഞാൻ സുഖമായി ജീവിച്ചിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ മരണവാർത്ത കേട്ടാൽ ആയുസ് കൂടുമത്രേ. കുറെ ആളുകളെക്കൂടി ദ്രോഹിക്കാനുണ്ട്. '' മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആറിന്റെ ചെന്നൈ എം.ജി.ആർ ഗാർഡൻസിലെ വീട്ടിലിരുന്ന് പൊട്ടിച്ചിരിയോടെ മധുമോഹൻ കേരള കൗമുദിയോട് പറഞ്ഞു.
''ഞാൻ മരിച്ചോ, ഇല്ലയോ എന്നറിയാൻ എന്നെത്തന്നെയാണ് വിളിക്കുന്നത്. പബ്ളിസിറ്റിക്കു വേണ്ടി പടച്ചുവിടുന്ന വാർത്തകൾക്കുപിന്നാലെ പോവാൻ താത്പര്യമില്ല.അതിനാൽ പരാതിയുമില്ല. ആരാണിത് ചെയ്തതെന്നറിയില്ല. അന്വേഷിച്ചിട്ട് വാർത്ത കൊടുക്കുകയാണ് വേണ്ടത്.
സീ ടിവിയിലും വിജയ് ടിവിയിലും രണ്ടു സീരിയൽ ചെയ്യുന്നു.മലയാളം സീരിയൽ രംഗത്തേക്ക് വീണ്ടും വരുന്നുണ്ട്- "" മധുമോഹൻ പറഞ്ഞു.
ഒരുകാലത്ത് ദൂരദർശനിലെ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയനായകനായി മാറിയ താരം എം.ജി.ആറിന്റെ വളർത്തു മകളെയാണ് വിവാഹം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |