
തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ (91) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.30 മുതൽ 10.30വരെ തക്കല നൂറുൽ ഇസ്ലാം സർവകലാശാലയിലും, 11.30 മുതൽ വൈകിട്ട് 3.30 വരെ നെയ്യാറ്റിൻകരയിലെ സ്വവസതിയിലും പൊതുദർശനമുണ്ടാകും. വൈകിട്ട് നാലിന് നെയ്യാറ്റിൻകര ടൗൺ ജുമാ മസ്ജിദിലാണ് ഖബറടക്കം.
നെയ്യാറ്റിൻകര വെള്ളംകുളം ബംഗ്ലാവിൽ അലിസൻ മുഹമ്മദിന്റെയും സൽമാബീവിയുടെയും മകനാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന വ്യക്തിയാണ്. കേരളത്തിലെ ആദ്യ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻ.ഐ.ഐ.ടി.ഐ ആരംഭിച്ചുകൊണ്ടാണ് മജീദ് ഖാന്റെ തുടക്കം.
കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എൻജിനിയറിംഗ് കോളേജിന്റെ സ്ഥാപകനാണ്. കേരളം രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തിൽ ഡോ. മജീദ് ഖാന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികളും സജീവമായിരുന്നു.
കേരളത്തിന്റെ വൈദ്യുതീകരണത്തിലും പ്രത്യേകിച്ച് മലബാർ മേഖലകളിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന യുദ്ധസമയത്ത് ഇന്ത്യൻ സൈനികർക്കും എയർക്രാഫ്റ്റ് എൻജിനിയറിംഗിൽ സാങ്കേതിക പരിശീലനം നൽകുന്നതിലും അദ്ദേഹവും സ്ഥാപനവും നിർണായക പങ്ക് വഹിച്ചു.
നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് ഡോ. മജീദ് ഖാൻ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി സ്ഥാപിച്ചത്. ഭാര്യ: സൈഫുന്നീസ. മക്കൾ: ശബ്നം ഷഫീക്ക് (നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ), എം.എസ്. ഫൈസൽ ഖാൻ (നൂറുൽ ഇസ്‌ലാം സർവകലാശാല പ്രൊ-ചാൻസലർ, നിംസ് മെഡിസിറ്റി എം.ഡി).
മരുമക്കൾ: ഡോ. സലിം ഷഫീക്ക് (ഹെമറ്റോളജിസ്റ്റ്), ഫാത്തിമ മിസാജ്. ചെറുമക്കൾ: ഫഹീസ് ഷഫീഖ്, ഫർസീൻ ഷഫീഖ്, സുഹറ ഖാൻ, സൊഹൈബ് ഖാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |