SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.11 PM IST

കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, പഴുത്ത് വ്രണമായി; പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണം

Increase Font Size Decrease Font Size Print Page
hospital

പത്തനംതിട്ട: കൈക്ക് പരിക്കേറ്റെത്തിയ ഏഴുവയസുകാരനെ ചികിത്സിച്ചതിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് ആരോപണം. ഓമല്ലൂർ സ്വദേശിയായ മനോജാണ് പരാതിയുമായി എത്തിയത്. ആരോഗ്യമന്ത്രി വീണാജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.

കൈയ്‌ക്ക് ചതവ് സംഭവിച്ചതിനാലാണ് മനോജിന്റെ മകൻ മനുവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഇത് ചികിത്സിക്കാതെ ഡോക്‌ടർ പ്ലാസ്റ്റർ ഇട്ടു. പിന്നീട് കുട്ടിയുടെ കൈ പഴുത്ത് വ്രണമായി. കഠിനമായ വേദനമൂലം വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചെന്നും മനോജ് പറഞ്ഞു.

രണ്ടാഴ്‌ച മുമ്പാണ് മനു സൈക്കിളിൽ നിന്ന് വീണ് കൈപ്പത്തിക്ക് പരിക്കേറ്റത്. കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അസ്ഥിക്ക് പൊട്ടലുണ്ടെന്ന് പറഞ്ഞാണ് ഡോക്‌ടർ കൈക്ക് പ്ലാസ്റ്ററിട്ടത്. ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്‌തു. എന്നാൽ, വീട്ടിലെത്തിയതോടെ അസഹനീയമായ വേദനയും കൈയിൽ നിന്ന് പഴുപ്പ് വരികയും ചെയ്‌തു.

വീണ്ടും ഇതേ ഡോക്‌ടറെ വന്ന് കണ്ടെങ്കിലും അസ്ഥിക്ക് പൊട്ടലുണ്ടായാൽ വേദനയുണ്ടാകുമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് മനോജ് പറഞ്ഞു. പിന്നീട്, രക്തവും പഴുപ്പും പുറത്ത് വന്നപ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചത്. പക്ഷേ, മറ്റൊരു ഡോക്‌ടറുടെ നിർദേശപ്രകാരം കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുട്ടിയുടെ കൈയ്‌ക്ക് ഗുരുതരമായ ചതവുണ്ടായിരുന്നു. ഇത് പരിഗണിക്കാതെയാണ് പ്ലാസ്റ്ററിട്ടതെന്നും അതിനാലാണ് പഴുപ്പുണ്ടായതെന്നും ഇപ്പോൾ ചികിത്സിക്കുന്ന ഡോക്‌ടർ അറിയിച്ചു. തുടർന്ന് കൈക്ക് ശസ്‌ത്രക്രിയ നടത്തുകയും ചെയ്‌തു. കുട്ടിയുടെ നില ഭേദപ്പെട്ടുവരികയാണെന്ന് തിരുവല്ലയിലെ ആശുപത്രി അധികൃതർ അറിയിച്ചു.

TAGS: HOSPITAL, MEDICAL NEGLIGENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY