
കൊച്ചി: ഫുട്‌ബാൾ ഇതിഹാസം ലയണൽ മെസിയും ലോകകപ്പ് നേടിയ അർജന്റീന ടീമും കേരളത്തിലേക്ക് എത്തില്ല. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
കേരളം മത്സരത്തിന് സജ്ജമെല്ലെന്ന് എ.എഫ്.എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും എ.എഫ്.എ ആരോപിച്ചതായാണ് സൂചന. നവംബർ 17ന് മെസിയുടെ നേതൃത്വത്തിൽ അർജന്റീന ടീം കൊച്ചിയിൽ കളിക്കുമെന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. അടുത്ത ഷെഡ്യൂളിൽ മെസി കൊച്ചിയിലെത്തുമെന്ന് സ്പോൺസർ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം, മത്സരം നടത്താൻ നിശ്ചയിച്ചിരുന്ന കലൂർ സ്റ്റേഡിയത്തിന് ഫിഫയുടെ ക്ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അടുത്ത ഇന്റർനാഷണൽ മാച്ച് വിൻഡോയിൽ കേരളത്തിലേക്കുള്ള വരവ് പരിഗണിക്കാമെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ അറിയിച്ചെന്നാണ് സംഘാടകരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനി ഉടമകളുടെ ന്യായീകരണം.
നവംബറിൽ അംഗോളയുമായാണ് അർജന്റീനയുടെ മറ്റൊരു മത്സരം നടക്കുന്നത്. അവിടെ നിന്ന് കേരളത്തിലേക്കുള്ള നീണ്ടയാത്രയുടെ പ്രശ്‌നങ്ങളും ഷെഡ്യൂൾമാറ്റത്തിന് കാരണമായെന്നും ആന്റോ ആഗസ്റ്റിൻ ഉൾപ്പെടെയുള്ള സംഘാടകർ ന്യായീകരിക്കുന്നു.
നവംബറിൽത്തന്നെ കളിനടത്താൻ സർക്കാരും സ്‌പോൺസറും പരാമവധി ശ്രമിച്ചെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ മലപ്പുറത്ത് പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |