കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം വീണുണ്ടായ അപകടത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികൾക്കെതിരെ മന്ത്രി വിഎൻ വാസവൻ. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെയും അദ്ദേഹം പരിഹസിച്ചു. ഉണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്നും തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
'തകർന്ന കെട്ടിടം മന്ത്രി ഉരുട്ടിയിട്ടതാണോ? അപകടമുണ്ടായാൽ മന്ത്രി രാജി വയ്ക്കണമെന്നാണ് വാദമെങ്കിൽ വിമാനാപകടം ഉണ്ടായപ്പോൾ പ്രധാനമന്ത്രി രാജി വയ്ക്കണമോ?. ഉണ്ടായ സംഭവം നിർഭാഗ്യകരമാണ്. അതിനായുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്'- മന്ത്രി പറഞ്ഞു.
അതേസമയം, യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടി വി കെ സനോജ് പറയുന്നത്. 'ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കരുതേണ്ട. പ്രതിപക്ഷനേതാക്കൾക്കും വീടും ഓഫീസുമുണ്ടെന്ന് മറക്കേണ്ട. മരണത്തിൽ നിന്ന് മുതലെടുപ്പ് നടത്തുന്നവരായി കോൺഗ്രസ് മാറുകയാണ്. ഇത് കേരളത്തിന് വെല്ലുവിളിയാണ്. ഇത് കൃത്യമായ ഒരു പദ്ധതിയെ അടിസ്ഥാനമാക്കിയുളളതാണ്. സാഹചര്യം തുടരുകയാണെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കും'- വി കെ സനോജ് പറഞ്ഞു.
വീണാ ജോർജിന്റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. എല്ലാ ജില്ലകളിലും ഡിഎംഒ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകൾ മാർച്ച് നടത്തി. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ചെയ്‌തവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശിയതിനെത്തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. വീണ്ടും ബാരിക്കേഡിന് മുന്നിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ സംഘടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |