കൊച്ചി: മുനമ്പം ജുഡിഷ്യൽ കമ്മിഷനെ തുടരാൻ അനുവദിക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഹൈക്കോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മുനമ്പത്ത് കാലങ്ങളായി താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരനിർദ്ദേശങ്ങൾ നൽകാൻ മാത്രമാണ് ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചതെന്ന് സർക്കാർ ബോധിപ്പിച്ചു. അടുത്തമാസം 27ന് കമ്മിഷന്റെ കാലാവധി പൂർത്തിയാകുമെന്നിരിക്കെ പ്രവർത്തനം തുടരാൻ അനുവദിക്കണം. കോടതിയുടെ ഉത്തരവില്ലാതെ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്നും
അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കമ്മിഷൻ നിയമനം റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻബെഞ്ച് പിന്നീട് വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |