ന്യൂഡൽഹി: പെൻഷൻ ഫണ്ടിനുള്ള 25 ശതമാനം കഴിച്ച്, ഇ.പി.എഫ് നിക്ഷേപത്തിലെ തുക മുഴുവൻ വ്യവസ്ഥകൾക്കു വിധേയമായി പിൻവലിക്കാം. തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ് കേന്ദ്ര ട്രസ്റ്റി ബോർഡിന്റേതാണ് തീരുമാനം. പ്രത്യേക അവസരങ്ങളിലെ തുക പിൻവലിക്കൽ വ്യവസ്ഥകൾ ഉദാരമാക്കുകയും ചെയ്‌തു.
പദ്ധതിയിൽ ചേർന്ന് 12 മാസം പൂർത്തിയായാൽ തൊഴിലുടമയുടെ വിഹിതം ഉൾപ്പെടെ പിൻവലിക്കാം. പെൻഷൻ ഫണ്ടിലേക്കുള്ള ബാക്കി 25 ശതമാനം തുകയ്‌ക്ക് ഇ.പി.എഫ്.ഒ വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശയും ലഭിക്കും (നിലവിൽ 8.25%). തുക പിൻവലിക്കാനുള്ള അത്യാവശ്യങ്ങൾ (അസുഖം, വിദ്യാഭ്യാസം, വിവാഹം), ഭവന ആവശ്യങ്ങൾ, പ്രത്യേക സാഹചര്യങ്ങൾ എന്നീ വിഭാഗങ്ങളിൽ 13 വ്യവസ്ഥകളുണ്ടായിരുന്നത് ഒന്നാക്കി.
വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങൾക്ക് 10 തവണയും വിവാഹത്തിന് അഞ്ചു തവണയും തുക പിൻവലിക്കാം (നിലവിൽ മൂന്നു തവണ). ഭാഗികമായി തുക പിൻവലിക്കാൻ പ്രത്യേക കാരണം ബോധിപ്പിക്കേണ്ടതില്ല. നിലവിൽ പ്രകൃതിദുരന്തം, സ്ഥാപനം പൂട്ടിയത്, തൊഴിലില്ലായ്മ, പകർച്ചവ്യാധി തുടങ്ങിയ കാരണങ്ങൾ ബോധിപ്പിക്കണമായിരുന്നു.
മറ്റു തീരുമാനങ്ങൾ
1. ഇ.പി.എഫ് അന്തിമ തീർപ്പാക്കലിനുള്ള കാലാവധി രണ്ടുമാസത്തിൽ നിന്ന് 12മാസമാക്കി. സർവ്വീസ് കാലാവധിക്കുമുമ്പ് വിരമിക്കുന്നവർക്കുള്ള അന്തിമ പെൻഷൻ പിൻവലിക്കൽ രണ്ടു മാസത്തിൽ നിന്ന് 36 മാസമായി മാറ്റി.
2. വിഹിതം അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയ തൊഴിലുടമകൾക്കായി ഒരു ശതമാനം പലിശയോടെ വിശ്വാസ് സ്കീം. 2 മാസം വരെയുള്ള കുടിശ്ശിക: 0.25%, 4 മാസം വരെ: 0.50%. കോടതിയിലുള്ള പഴയ കേസുകളും ഇതുവഴി തീർപ്പാകും
3. ഇ.പി.എഫ് പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിലിരുന്ന് സൗജന്യമായി സമർപ്പിക്കാം. ഇതിനായി തപാൽ ജീവനക്കാരുടെ സേവനം ലഭിക്കും.
4. ഇ.പി.എഫ് തുക എ.ടി.എം കാർഡ് ഉപയോഗിച്ച് പിൻവലിക്കൽ, കോർ ബാങ്കിംഗ് സേവനങ്ങൾ എന്നിവയ്‌ക്കുള്ള 'ഡിജിറ്റൽ ഫ്രെയിംവർക്ക് 3.0"ന് അംഗീകാരം നൽകി.
5. ഇ.പി.എഫ് പണ സംബന്ധമായ ഇടപാടുകൾക്കായി നാല് ഫണ്ട് മാനേജർമാരെ നിയമിക്കും.
അംഗത്വം നേടാൻ അവസരം
ഇ.പി.എഫ് അംഗത്വമില്ലാത്ത, 2017 ജൂലായ് ഒന്നിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് പദ്ധതിയിൽ ചേരാൻ നവംബർ മുതൽ 2026 ഏപ്രിൽ വരെ പ്രത്യേക അവസരം. ജോലി നൽകിയ സമയം മുതലുള്ള തൊഴിലുടമയുടെ വിഹിതവും 100 രൂപ പിഴയും അടയ്‌ക്കണം. ജീവനക്കാർ വിഹിതം നൽകേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |