SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.28 PM IST

ബസിന് നേരെ ഷൂ എറിഞ്ഞതിന് വധശ്രമക്കേസ് എടുക്കുന്നതെന്തിന്,​ മന്ത്രിമാരെ മാത്രമല്ല ജനങ്ങളെയും സംരക്ഷിക്കണം,​ പൊലീസിന് കോടതിയുടെ വിമർശനം

Increase Font Size Decrease Font Size Print Page
f

കൊച്ചി : പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ കെ.എസ്.എയു പ്രവർത്തകർ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോടതി. കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ 308ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പ്. കേസിൽ 308ാം വകുപ്പ് എങ്ങനെ നിലനിൽക്കുമെന്ന് പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ചോദിച്ചു. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താൽ എങ്ങനെയാണ് 308ാം വകുപ്പ് ചുമത്താൻ കഴിയുക. ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ,​ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.

മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ. ജനങ്ങളെ കൂടി സംരക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് വച്ച് പ്രതികളെ മർദ്ദിച്ചവരെ എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ല. നീതി എല്ലാവർക്കും കൂടിയുള്ളതാണ്,​ രണ്ട് നീതി എന്തിനെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ‌ഞ്ചരിച്ച ബസിന് നേരെ പെരുമ്പാവൂരിൽ വച്ച് കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞത്. കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി പൊലീസിനെതിരെ തിരിഞ്ഞത്. ഷൂ എറിഞ്ഞതിന് പിന്നാലെ അവിടെ കൂടി നിന്ന ആളുകൾ തങ്ങളെ മർദ്ദിച്ചെന്ന് അറസ്റ്റിലായവർ പറഞ്ഞു. നവകേരള സദസിന്റെ സംഘാടകർ,​ ഡി.വൈ.എഫ്.ഐക്കാർ ഉൾപ്പെടെയുള്ളവരാണ് മർദ്ദിച്ചത്. അപ്പോഴും പൊലീസ് അവിടെ ഉണ്ടായിരുന്നില്ലെന്നും അവർ കോടതിയെ ധരിപ്പിച്ചു.

ഇവരെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അവർ എവിടെയെന്ന് കോടതി ചോദിച്ചു. അവരെ അറസ്റ്റ് ചെയ്തോ,​ കോടതിയിൽ അവരെ കൊണ്ടുവരേണ്ടതല്ലേ,​ ഈ പൊലീസുകാർ ആരൊക്കെയാണ്,​ അവരുടെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന വിശദമായ പരാതി എഴുതി നൽകാനും പ്രതികളോട് കോടതി ആവശ്യപ്പെട്ടു. ഇവരെ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കുമ്പോൾ അവർക്ക് സംരക്ഷണം നൽകാൻ പൊലീസിന് ഉത്തരവാദിത്വമില്ലേ എന്നും കോടതി ചോദിച്ചു.

TAGS: KSU, YOUTH CONGRESS, NAVAKERALA SADAS, KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY