□പ്രസിഡന്റായി ജാഫർ ഖാൻ; ഒഴിയില്ലെന്ന് ചവറ ജയകുമാർ
തിരുവനന്തപുരം: പുതിയ ഭാരവാഹികളെ നിശ്ചയിച്ചതിനെച്ചൊല്ലി കേരള എൻ.ജി.ഒ അസോസിയേഷനിൽ വീണ്ടും ചേരിപ്പോര്. നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായ എ.എം ജാഫർഖാനെ പുതിയ പ്രസിഡന്റായും എ.പി സുനിലിനെ ജനറൽ സെക്രട്ടറിയായും നിയമിച്ചതിനെ തുടർന്നാണ് പോര് രൂക്ഷമായത്.
ജനറൽ ബോഡി കൂടി തീരുമാനമെടുക്കാതെ ഭാരവാഹി മാറ്റം അംഗീകരിക്കില്ലെന്നും താൻ പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നും നിലവിലെ പ്രസിഡന്റ് ചവറ ജയകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭാരവാഹിത്വം സംബന്ധിച്ച് തിരുവനന്തപുരം മുനിസിഫ് കോടതിയിൽ കേസ് നിലവിലുള്ള സാഹചര്യത്തിൽ പുതിയ ഭാരവാഹികളെ നിശ്ചയിച്ചത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും അനുമതിയോടെയാണ് പുതിയ ഭാരവാഹികളെ നിയമിച്ചതെന്നറിയുന്നു. തിങ്കളാഴ്ച സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്നാണ് എ.എം ജാഫർഖാൻ (പ്രസിഡന്റ്), എ.പി.സുനിൽ( ജനറൽ സെക്രട്ടറി), പ്രദീപ് കുമാർ .ബി(വൈ.പ്രസിഡന്റ്) വി.പി ബോബിൻ(ട്രഷറർ) എന്നിവരുടെ നിയമനം അംഗീകരിച്ചത്. ചവറ ജയകുമാർ സെറ്റോ ചെയർമാനായി തുടരാനും തീരുമാനമെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ നന്താവനത്തെ പാണക്കാട് ഹാളിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഭാരവാഹി തിരഞ്ഞെടുപ്പിനെച്ചൊല്ലി വാക്കേറ്റവും ബഹളവും ഉണ്ടാവുകയും , ജനറൽ സെക്രട്ടറിയായിരുന്ന ജാഫർഖാൻ പുതിയ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെ ചവറ ജയകുമാറിനെ അനുകൂലിക്കുന്ന വിഭാഗം എതിർത്തതോടെ ജാഫർഖാന്റെ നേതൃത്വത്തിലുള്ള വിഭാഗം യോഗം ബഹിഷ്‌കരിച്ചു.
തുടർന്ന് , ജാഫർഖാനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു. എന്നാൽ, സംഭവത്തിൽ ഖേദ പ്രകടനം നടത്തിയാണ് ജാഫർഖാൻ സംഘടനയിൽ തിരികെ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |