കൊല്ലം: ഒപ്പം കളിക്കാൻ കുഞ്ഞുപെങ്ങൾ നിയ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇഷാൽ. ഉറ്റവരുടെ പ്രാർത്ഥനകളും ഇഷാലിന്റെ കാത്തിരിപ്പും വിഫലമാക്കി വീട്ടിലേക്ക് എത്താതെ നിയ ഫൈസൽ (7) മടങ്ങി. ഫൈസൽ -ഹബീറ ദമ്പതികളുടെ പ്രിയപുത്രിയുടെ മൃതദേഹം അവൾ കളിച്ചുവളർന്ന കൊല്ലം വിളക്കുടിയിലെ വീടായ ജാസ്മിൻ മൻസിലിലേക്ക് കൊണ്ടുവന്നില്ല.
മൂന്ന് ഡോസ് വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് നിയ വിടപറഞ്ഞത്. പേവിഷ ബാധയുടെ പ്രോട്ടോക്കാൾ പാലിക്കേണ്ടതിനാൽ മൃതദേഹം
രാവിലെ എട്ടോടെ നേരെ പുനലൂർ ആലഞ്ചേരി മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ എത്തിക്കുകയായിരുന്നു. മൃതദേഹവുമായി ആംബുലൻസ് എത്തിയപ്പോൾ പത്ത് വയസുകാരനായ ഇഷാൽ പൊട്ടിക്കരഞ്ഞ രംഗം മറ്റുള്ളവരെയും കണ്ണീരിലാഴ്ത്തി. ഉറ്റവരിൽ പലർക്കും ഒരുനോക്ക് കാണാനായില്ല.
8.30 ഓടെയായിരുന്നു കബറടക്കം.
പി.പി.ഇ കിറ്റ് ധരിച്ച ജെ.പി.എച്ച്.എൻ ആശയും ആംബുലൻസ് ഡ്രൈവർ ഈസയുമാണ് മൃതദേഹം കബറിലേക്ക് എത്തിച്ചത്. മൂന്ന് ദിവസമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു നിയ. ഉറങ്ങാതെ ആശുപത്രിയിൽ മകൾക്ക് കാവലാളായ അമ്മ ഹബീറ അവശയായിരുന്നു. ഐ.സി.യുവിന് പുറത്ത് പ്രാർത്ഥിച്ചിരിക്കുമ്പോഴാണ് നിയ യാത്രയായ വിവരം തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ഡോക്ടർമാർ അറിയിച്ചത്.
ഏപ്രിൽ 8ന് രാവിലെ 11.45 ഓടെയാണ് തെരുവുനായ കടിച്ചത്. വീട്ടുമുറ്റത്തേക്ക് താറാവിനെ ഓടിച്ചെത്തിയ തെരുവുനായ ഇടത് കൈമുട്ടിൽ കടിക്കുകയായിരുന്നു. തൊട്ടടുത്തുള്ള വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് 12.45ഓടെ ഐ.ഡി.ആർ.വി വാക്സിനെടുത്തു. മൂന്ന് തുടർഡോസുമെടുത്തു. 28ന് തീവ്രമായ പനിയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നിന് കടുത്ത തലവേദനയും കടിയേറ്റ ഭാഗത്ത് ചൊറിച്ചിലും ഉണ്ടായതോടെ ജില്ലാ ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പിറ്റേന്ന് എസ്.എ.ടിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്. ആവണീശ്വരം എ.പി.പി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി (പി.ആർ മെമ്മോറിയൽ) സ്കൂളിൽ ഇനി മൂന്നാം ക്ലാസിൽ പഠിക്കേണ്ട വിദ്യാർത്ഥിനിയായിരുന്നു നിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |