പന്തളം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതികരണവുമായി എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. 'കുറ്റവാളികളെ കണ്ടെത്തി കർശനമായ ശിക്ഷ കൊടുക്കണം. മോഷ്‌ടിച്ച മുതൽ തിരിച്ചുപിടിക്കണം. സർക്കാർ സംവിധാനങ്ങളും കോടതിയും ഇതിൽ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്', എന്നാണ് ജി സുകുമാരൻ നായർ പറഞ്ഞത്.
വിഷയത്തിൽ നേരത്തേ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചിരുന്നു. ദേവസ്വം ബോർഡ് സംവിധാനം അടിമുടി ഉടച്ചുവാർക്കണമെന്നും ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംവിധാനം വരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഉണ്ണികൃഷ്‌ണൻ പോറ്റി എന്ന ഒരാൾക്ക് മാത്രമായി തട്ടിപ്പ് നടത്താൻ കഴിയില്ല. പിന്നിൽ ഗൂഢസംഘമുണ്ട്. രാഷ്‌ട്രീയക്കാർക്ക് ഇടം നൽകുന്ന സ്ഥലമായി ദേവസ്വം ബോർഡ് മാറരുത്. വരുമാനമുള്ള ദേവസ്വം ബോർഡുകളുടെ വിഹിതം വരുമാനം കുറഞ്ഞ ബോർഡുകളിലേക്ക് നൽകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
അതേസമയം, സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു പ്രതികരണവുമായെത്തി. ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്ന് എൻ വാസു സ്ഥിരീകരിച്ചു. പൂശിയതിന്റെ ബാക്കി സ്വർണം നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാമെന്ന് നിർദേശിച്ചുള്ള ഇ-മെയിൽ കിട്ടിയിരുന്നെന്നും തിരുവാഭരണം കമ്മീഷണർക്ക് അത് ഫോർവേഡ് ചെയ്തത് സ്വാഭാവിക നടപടിയാണെന്നുമായിരുന്നു എൻ വാസു പറഞ്ഞത്. ശബരിമലയിലെ സ്വർണം ചെമ്പായത് വിശദീകരിക്കേണ്ടത് താൻ അല്ലെന്നും ക്രമക്കേടിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |