ന്യൂഡൽഹി: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്‌ത്രീകൾ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇതിനായി നിയമവിദഗ്ദ്ധരുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ) കൂടിയാലോചന തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സഹായം അഭ്യർത്ഥിക്കാനും സി.ബി.സി.ഐ ആലോചിക്കുന്നുണ്ട്. ഹൈക്കോടതിയിൽ കന്യാസ്‌ത്രീകൾ ഹർജി നൽകുമ്പോൾ എഫ്.ഐ.ആർ റദ്ദാക്കാൻ ഛത്തീസ്ഗഡ് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യം.
ജാമ്യം ലഭിച്ച കന്യാസ്ത്രീകളായ പ്രീതി മേരിയും വന്ദന ഫ്രാൻസിസും സഭയുടെ സ്‌കൂളും ആശുപത്രിയും മറ്റും പ്രവർത്തിക്കുന്ന ഛത്തീസ്ഗഡ് ദല്ലി മഠത്തിലാണ് ഇപ്പോൾ താമസിക്കുന്നത്. അതേസമയം കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പെൺകുട്ടികൾ ബജ്റംഗ്‌ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമ അടക്കം 20 പേർക്കെതിരെ ഒാർച്ച പൊലീസിൽ ഓൺലൈനായി പരാതി നൽകി.
ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് ഇവർ ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. സ്വന്തം ഇഷ്‌ടപ്രകാരമാണ് കന്യാസ്ത്രീമാർക്കൊപ്പം പോയതെന്നും കമലേശ്വരി പ്രധാൻ, ലളിത ഉസെൻധി, സുഖ്തി മണ്ഡാവി എന്നിവർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |