
തിരുവനന്തപുരം: നിലമ്പൂർ വെറ്റിലക്കൊല്ലി ആദിവാസി ഊരിലെ കാട്ടുനായ്‌ക്ക, മുതുവാൽ വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ഇവരുടെ പട്ടിണി തുറന്നുകാട്ടിയ കേരളകൗമുദി റിപ്പോർട്ടിനെ തുടർന്നാണ് ഇടപെടൽ. പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കി റിപ്പോർട്ട് നൽകാൻ പട്ടികവർഗ ഉദ്യോഗസ്ഥരെ ഉടൻ അയയ്ക്കും.
പോക്ഷകാഹാര പ്രശ്നം ഉൾപ്പെടെയുള്ളവ അടിയന്തര പ്രധാന്യത്തോടെ പരിഹരിക്കും. വെറ്റിലക്കൊല്ലിയിലെ ആദിവാസി സുന്ദരന്റെ (30) ജീവിതത്തെ മുൻനിറുത്തിയായിരുന്നു കേരളകൗമുദി വാർത്ത. വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റ സുന്ദരന് വേണ്ട സഹായം ചെയ്യും.
നിലവിൽ പ്രതിമാസം 30 കിലോഗ്രാം അരിക്കുപുറമ ഓരോ കുടുംബത്തിനും നാലുമാസത്തിലൊരിക്കൽ പോഷകാഹാര കിറ്റും നൽകുന്നുണ്ട്. അത് കൃത്യമായി വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കും. ആരോഗ്യപ്രശ്നം ഉള്ളവർക്കെല്ലാം സൗജന്യ ചികിത്സ നൽകും. ഭക്ഷ്യധാന്യത്തിന്റെ കുറവുണ്ടെങ്കിൽ അതും പരിഹരിക്കും.
സുന്ദരന്റെ കുടുംബത്തിന്
വ്യവസായിയുടെ ഒരുലക്ഷം
പാറശാല: നിലമ്പൂരിൽ പട്ടിണിയിൽ കഴിയുന്ന ആദിവാസി കുടുംബത്തിന് സഹായഹസ്തവുമായി പാറശാലയിലെ പ്രമുഖ വ്യവസായിയും പോൾരാജ് ആൻഡ് സൺസ് ഉടമയുമായ എ.പോൾരാജ്. നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുന്ദരനെന്ന ആദിവാസി യുവാവിന് ഒരുലക്ഷം രൂപ ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കേരളകൗമുദിയിലൂടെയാണ് പോൾരാജ് ആദിവാസി കുടുംബത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സുന്ദരന് തുക നേരിട്ട് എത്തിച്ച് നൽകാനാണ് തീരുമാനം. എത്രയും വേഗം നിലമ്പൂരിലെത്തി സുന്ദരന്റെ കുടുംബത്തിന് തുക കൈമാറുമെന്ന് കമ്പനി പി.ആർ.ഒ സിന്ദുകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |