
തിരുവനന്തപുരം: വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തീരുമാനങ്ങളല്ലെന്നും അവ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ഉപദ്രവിക്കരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ്. അത് വെറും പ്രതീക്ഷയല്ല. അവിടെയുള്ള ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. തിരഞ്ഞെടുപ്പിൽ എന്റെ പേര് എല്ലാ കാലത്തും ഉയർന്നു കേൾക്കാറുണ്ട്. അതുകൊണ്ട് അതൊന്നും വലിയ കാര്യമാക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല. അത് പാർട്ടിയെ ബോദ്ധ്യപ്പെടുത്തും. ഈ പറയുന്നതൊന്നും തീരുമാനമല്ല. അതുകൊണ്ട് സ്ഥാനാർത്ഥിയാണെന്ന് പ്രചരിപ്പിക്കരുത്. പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത് എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.'- പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
അതേസമയം, ബി ജെ പി ഏറെ പ്രതീക്ഷയർപ്പിക്കുന്ന തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയ്ക്ക് എതിരെ സി പി ഐ മുൻമന്ത്രി വി എസ് സുനിൽകുമാറിനെ മത്സരിപ്പിച്ചേക്കും. മാവേലിക്കര പിടിക്കാൻ പുതുമുഖമായ സി എ അരുണിനെയും നിർത്തിയേക്കും. ഹൈദരാബാദിൽ നടന്ന സി പി ഐ ദേശീയ നേതൃയോഗത്തിലാണ് സീറ്റ് ധാരണയുണ്ടായത്. വിഷയത്തിൽ സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |