കൊച്ചി: കിടന്നകിടപ്പിലെങ്കിലും അടൂർ പൂതങ്കര ഇടപ്പുരയിൽ എം.ജി. ഷാജി (54) സ്പെഷ്യൽ ഡേ ചോക്ലേറ്റുകളും പേപ്പർ പേനകളും തയ്യാറാക്കുന്ന തിരക്കിലാണ്. ആരുടെ മുന്നിലും കൈനീട്ടരുതെന്ന മനസാണ് കരുത്ത്. 1999ൽ ഗുജറാത്തിലെ വെൽഡിംഗ് ജോലിക്കിടെയുണ്ടായ വീഴ്ചയിലാണ് നട്ടെല്ലിന് ക്ഷതമേറ്റ് ഷാജി കിടപ്പിലാവുന്നത്. തുടർന്ന് 2019ൽ 500 രൂപ മൂലധനമാക്കി പേപ്പർ പേന നിർമ്മാണം ആരംഭിച്ചു.
ആവശ്യക്കാർ കൂടിയതോടെ സ്പെഷ്യൽ ഡേ പേനകളെന്ന ആശയത്തിൽ ചോക്ലേറ്റുകളും കൊണ്ടുവന്നു. ജന്മദിനത്തിനും വിവാഹത്തിനുമെല്ലാം അവരുടെ ചിത്രം സഹിതം ഇതിൽ അച്ചടിച്ചുനൽകും. പ്രിന്റ് ചെയ്തെത്തുന്ന ഷീറ്റുകൾ കത്രിക കൊണ്ട് മുറിച്ച് ഷാജിയാണ് പേനകളുണ്ടാക്കുന്നത്. ചോക്ലേറ്റുകൾ പുറത്തു നിന്ന് വാങ്ങും. ഇത് റാപ്പർ പോലെ പൊതിഞ്ഞ് ഒട്ടിക്കും. മൂന്നു നേരമാണ് ജോലി. സഹായത്തിന് അമ്മ ഗൗരിയും ചേട്ടൻ സജിയും കുടുബവുമുണ്ട്.
ജന്മദിന സ്പെഷ്യൽ ചോക്ലേറ്റുകൾക്കാണ് ഡിമാൻഡ്. കോർപ്പറേറ്റ് യോഗങ്ങളിൽ സമ്മാനിക്കാനായി പേനയിൽ കമ്പനികളുടെ ലോഗോ,വിലാസം,ഫോൺ നമ്പർ തുടങ്ങിയവ അച്ചടിക്കും. കൊറിയർ വഴിയും നേരിട്ടും ഓർഡർ അനുസരിച്ച് നൽകും. കൂടാതെ ഈയിടെ ദുബായിലേക്ക് 9000 പേനകൾ അയച്ചിരുന്നു.
പ്ലാസ്റ്റിക് രഹിതം
സ്പെഷ്യൽ ഡേ ചോക്ലേറ്റ് കവറുകൾ കടലാസായതിനാൽ സ്കൂളുകളിൽ വിലക്കില്ല. പേനകളിലെ റീഫിൽ മാത്രമാണ് പ്ലാസ്റ്റിക്. പേനയ്‌ക്കുള്ളിൽ രണ്ട് പച്ചക്കറിവിത്തുകളും വയ്‌ക്കും.
വിലയും കുറവ്
പേന....................8-10 രൂപ വരെ
ചോക്ലേറ്റ്...........20 രൂപ
ജീവിച്ചു പോകാനുള്ള വരുമാനമുണ്ട്. അതുമതി.
-ഷാജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |