
തിരുവനന്തപുരം: കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ പുലർത്തേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ഓഡിയോ പോഡ്‌കാസ്റ്റ് സീരീസ് ആരംഭിക്കുന്നു. ‘പേരന്റിംഗ് പോഡ്‌കാസ്റ്റ്’ എന്നാണ് പേര്. സർക്കാർ ഭരണാനുമതി നൽകി. 7,82,600 രൂപയാണ് ചെലവ്. വൈകാതെ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പോഡ്കാസ്റ്റ് ലഭ്യമാകും.
കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ മാതാപിതാക്കൾക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാനും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ലക്ഷ്യം. തിരക്കുപിടിച്ച ജീവിതസാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക് അറിവ് എത്തിക്കുന്നതിനാണ് ഡിജിറ്റൽ മാദ്ധ്യമമായ പോഡ്‌കാസ്റ്റ് തിരഞ്ഞെടുത്തതെന്ന് അധികൃതർ പറഞ്ഞു.
ഇന്റർനെറ്റിലൂടെ എപ്പോൾ വേണമെങ്കിലും കേൾക്കാവുന്ന ഡിജിറ്റൽ ഓഡിയോ പരിപാടികളാണ് പോഡ്‌കാസ്റ്റുകൾ. റേഡിയോ പരിപാടികൾക്ക് സമാനം. സ്പോട്ടിഫൈ, ആപ്പിൾ പോഡ്‌കാസ്റ്റ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ സൗകര്യപ്രദമായ സമയത്ത് കേൾക്കാനാകും.
പുതിയ അറിവുകൾ,
പ്രായോഗിക പരിഹാരം
1.ശിശുരോഗ വിദഗ്ദ്ധർ, മനഃശാസ്ത്രജ്ഞർ, ശിശുവിദ്യാഭ്യാസ വിദഗ്ദ്ധർ എന്നിവരിൽ നിന്നുള്ള അറിവുകൾ നേരിട്ട് മനസിലാക്കാം. കുട്ടികളുടെ വാശി, പെരുമാറ്റ പ്രശ്നങ്ങൾ, ഓൺലൈൻ പഠനം തുടങ്ങിയവയ്ക്ക് പ്രായോഗികമായ പരിഹാരങ്ങൾ ലഭ്യമാക്കും
2. മറ്റ് ജോലികൾ ചെയ്യുന്നതിനിടെതന്നെ പോഡ്‌കാസ്റ്റുകൾ കേൾക്കാനും പഠിക്കാനും സാധിക്കും. മറ്റ് മാതാപിതാക്കളുടെ അനുഭവങ്ങൾ കേൾക്കുന്നത് സമ്മർദ്ദം കുറച്ച് ആത്മവിശ്വാസം കൂട്ടാൻ സഹായിക്കും
3. കുട്ടികളുടെ വൈകാരിക, സാമൂഹിക, വൈജ്ഞാനിക വികാസത്തെക്കുറിച്ചും അതിനനുസരിച്ച് എങ്ങനെ പെരുമാറണമെന്നും മനസിലാക്കാനാകും. പോസിറ്റീവ് പേരന്റിംഗ് രീതികളും മനസിലാക്കാം. ശിശുസംരക്ഷണത്തിൽ പുതിയ ആശയങ്ങൾ പരീക്ഷിക്കാനും പ്രചോദനമാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |