തിരുവനന്തപുരം: മക്കൾ തനിക്ക് ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ തെറ്റായ കാര്യങ്ങൾ ചെയ്യില്ല. എന്റെ രാഷ്ട്രീയത്തിനും ശീലത്തിനും നിരക്കാത്തതൊന്നും മക്കൾ ചെയ്യില്ല. അതിൽ നല്ല അഭിമാനമുണ്ട്. മകൻ വിവേകിന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല. ഒരു അഴിമതിയും എന്റെ ജീവിതത്തിലുണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയുന്നു. മകന് ഇ.ഡി സമൻസ് അയച്ചുവെന്ന വാർത്തയുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമൻസ് വന്നെങ്കിൽ ക്ലിഫ്ഹൗസിൽ വരേണ്ടേ? എന്റെ കൈയിൽ വന്നിട്ടില്ല. ഞങ്ങളാരും കണ്ടിട്ടില്ല. മകനും അങ്ങനെയൊന്ന് കിട്ടിയതായി പറഞ്ഞിട്ടില്ല. എന്നെ മറ്റൊരു തരത്തിൽ കാണിക്കാനും സമൂഹത്തിൽ കളങ്കിതനായി ചിത്രീകരിക്കാനുമാണ് ശ്രമം. അങ്ങനെ ആരെങ്കിലും ചിത്രീകരിച്ചാൽ കളങ്കിതനാവുമോ.
മകൾക്കെതിരായ ആരോപണത്തെ ചിരിച്ചുകൊണ്ടാണ് നേരിട്ടത്. അത് ഏശിയില്ലെന്ന് വന്നപ്പോൾ മകനെതിരെ വിവാദമുണ്ടാക്കി. ഇതൊന്നും എന്നെയോ മകനെയോ ബാധിക്കില്ല. രാഷ്ട്രീയാവശ്യത്തിന് ചില ഏജൻസികളെ കൊണ്ടുവന്ന് അവരിലൂടെ എന്നെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല.
'അവനെ കണ്ടിട്ടുണ്ടോ'
മകനെ നിങ്ങളിൽ (മാദ്ധ്യമപ്രവർത്തകർ) എത്രപേർ കണ്ടിട്ടുണ്ടെന്നറിയില്ല. അധികാരത്തിന്റെ ഇടനാഴികളിൽ അവനെ കണ്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ക്ലിഫ്ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും അവനറിയില്ല. മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്നയാളാണ് മകൻ. ജോലി, വീട് എന്ന പൊതുരീതിയാണ് അവന്റേത്. പൊതുപ്രവർത്തന രംഗത്തുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |