തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ഖാദി - ഗ്രാമവികസന ബോർഡ് ഉപാദ്ധ്യക്ഷനായി നിയമിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ശുപാർശ ചെയ്തു. സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയും മുൻ എം.എൽ.എയുമാണ്. നേരത്തെ ചെറിയാൻ ഫിലിപ്പിനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കിയെങ്കിലും അദ്ദേഹം നിരസിച്ചതിനെ തുടർന്ന് റദ്ദാക്കി. സി.പി.എമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗങ്ങളുൾപ്പെടെ വഹിച്ചിരുന്ന പദവിയായിരുന്നു ഖാദിബോർഡ് ഉപാദ്ധ്യക്ഷസ്ഥാനം.
മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനായും മുൻ എം.എൽ.എ കെ.കെ. ലതികയെ വനിതാ വികസന കോർപ്പറേഷൻ ഉപാദ്ധ്യക്ഷയായും നിയമിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. നോർക്ക ഉപാദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ കെ. വരദരാജനെ കെ.എസ്.എഫ്.ഇ ചെയർമാനാക്കിയേക്കും. ഇടതുസഹയാത്രിക ശോഭന ജോർജിനെ ഔഷധി ചെയർപേഴ്സണായി നിയമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |