SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

പ്രകൃതിയുടെ കാവലാളായി മുൻ കോളേജ് അദ്ധ്യാപകൻ

Increase Font Size Decrease Font Size Print Page

ph

കായംകുളം: വിദേശ ഫലവൃക്ഷത്തൈകൾ കൊണ്ടൊരു കാടാണ് മുൻ കോളേജ് അദ്ധ്യാപകനായ ക്ളാപ്പന വരവിള തച്ചൻകാട്ടിൽ പ്രൊഫ. ഡോ.പി.പദ്മകുമാറിന്റെ വീടിന് ചുറ്റും.

കായംകുളം എം.എസ്.എം കോളേജിലെ റിട്ട. മലയാള വിഭാഗം മേധാവിയും കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂൾ മാനേജരും കവിയും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ പദ്മകുമാർ അക്ഷരാർത്ഥത്തിൽ പ്രകൃതിയുടെ കാവലാളാണ്.

വീടിനോടുചേർന്ന ഒന്നേകാൽ ഏക്കറിൽ നെല്ലും എള്ളും പച്ചക്കറികളുമെല്ലാമുണ്ട്. ഓസ്ട്രേലിയയിലും തെക്കൻ അമേരിക്കയിലും കാണപ്പെടുന്ന അബിയുഫ്രൂട്ട്, ആഫ്രിക്കയിലെ സാതോൻ, മക്കണാമിയ എന്ന ഇന്തോനേഷ്യൻ നട്ട്, കെപ്പൽ ആപ്പിൾ തുടങ്ങി വിദേശങ്ങളിൽ പ്രസിദ്ധിയാർജിച്ച ഒട്ടേറെ ഫലവൃക്ഷങ്ങൾ തോട്ടത്തിലുണ്ട്. മരംമുന്തിരി, സാധാരണ മുന്തിരി, ചെഫട്ട് തുടങ്ങിയവയുമുണ്ട്. കെപ്പൽ ആപ്പിൾ എന്ന ഇന്തോനേഷ്യൻ പഴം തടിയിലാണ് കായ്ക്കുന്നത്. ഇത് പഴുക്കുമ്പോൾ നല്ല സുഗന്ധമാണ്. പതിവായി കഴിക്കുന്നവരുടെ വിയർപ്പിനും ശ്വാസത്തിനും ഇതേമണമുണ്ടാകും. ഇന്തോനേഷ്യയിലെ രാജകുടുംബത്തിന് മാത്രമായിരുന്നു ഒരുകാലത്ത് ഇത് കൃഷിചെയ്യാനുള്ള അവകാശം.

കായംകുളം ശ്രീനാരായണ സാസ്കാരികസമിതിയുടെ അധീനതയിലുള്ള കായംകുളം ശ്രീനാരായണസെൻട്രൽ സ്കൂൾ, എസ്.എൻ വിദ്യാപീഠം, എസ്.എൻ പബ്ലിക് സ്കൂൾ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്റർ എന്നിവയ്ക്ക് നേതൃത്വം നൽകുന്നതും പദ്മകുമാറാണ്. കഴിഞ്ഞ ശിവഗിരി തീർത്ഥാടനത്തിന് സമ്മേളന വേദിയിൽ കാർഷിക രംഗത്തെപ്പറ്റി പ്രഭാഷണം നടത്താൻ കഴിഞ്ഞത് ഏറ്റവും വലിയ അനുഗ്രഹമായി അദ്ദേഹം കരുതുന്നു. ഭാര്യ ചാന്ദിനി റിട്ട. അദ്ധ്യാപികയാണ്. മക്കൾ: ചിന്മയി,ആരോമൽ.

സന്തോഷത്തിന്റെ ആയിരം കണ്ണി

വീട്ടിൽ നട്ട ആയിരം കണ്ണി കുലച്ച് മണ്ണോളം എത്തിയതിന്റെ ആഹ്ളാദത്തിലാണിപ്പോൾ. ഒമ്പത് മാസം മുമ്പാണ് സുഹൃത്ത് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരനായിരുന്ന അശോകൻ, തൃശൂർ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽനിന്ന് തൈനൽകിയത്. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വളരുന്ന തൗസന്റ് ഫിംഗർ ബനാനയാണ് ഇത്. 4 മീറ്റർ വരെ ഉയരം വയ്ക്കുന്ന വാഴയിൽ 3 മീറ്റർ വരെയുള്ള കുലകളുണ്ടാകും. സുന്ദരിപ്പൂവൻ, കോമളവാഴ തുടങ്ങിയ പേരുകളുമുള്ള നല്ല മധുരമുള്ള കുഞ്ഞൻ പഴങ്ങൾ നാവിനെ മത്തുപിടിപ്പിക്കും.ഗവേഷണഭാഗമായി അടുത്ത കാലത്താണ് നമ്മുടെ നാട്ടിൽ തനിനാടനായ ആയിരംകണ്ണി എത്തിയത്. ആനയുടെ തുമ്പിക്കൈ പോലെ നീണ്ടുവളർന്ന വാഴക്കുല കാണാൻ നിരവധിപേർ പദ്മകുമാറിന്റെ വീട്ടിൽ എത്തുന്നുണ്ട്.

TAGS: PLANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY