തിരുവനന്തപുരം: പ്ലസ് വൺ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റിൽ 78,085 പേർ പ്രവേശനം നേടി. മൂന്ന് അലോട്ട്മെന്റുകളിലുമായി 2,95,118 പേരാണ് പ്രവേശനം നേടിയത്. ഇന്ന് രാവിലെ പത്തു മുതൽ 24ന് വൈകിട്ട് അഞ്ചു വരെ സ്കൂളുകളിൽ പ്രവേശനം നേടാം. വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം രേഖകളുടെ ഒറിജിനൽ സഹിതം ഹാജരാകണം. 25ന് ക്ളാസ് തുടങ്ങും.
ഇന്ന് പ്രസിദ്ധീകരിക്കുമെന്നറിയിച്ച മൂന്നാമത്തെ ലിസ്റ്റ് രാവിലെ ആറോടെ ഹയർ സെക്കൻഡറിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടുകയായിരുന്നു. www.admission.dge.kerala.gov.in എന്ന സൈറ്റിൽ Candid Login - sws ലെ Third Allot Results എന്ന ലിങ്കിൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാം. സംവരണ സീറ്റുകളിലെ ഒഴിവുകൾ കൂടി മെരിറ്റിലേക്ക് ഉൾപ്പെടുത്തിയാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. താത്കാലിക പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിറുത്താൻ അവസരമുണ്ടാകില്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് പ്രവേശനം നേടണം. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയവർക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
പ്രവേശനം നേടാത്തവർക്ക് സപ്ളിമെന്ററി അലോട്ട്മെന്റിൽ അവസരമുണ്ടാവുകയില്ല. സപ്ളിമെന്ററി അലോട്ട്മെന്റിലെ ഒഴിവുകളും നോട്ടിഫിക്കേഷനും മൂന്നാം അലോട്ട്മെന്റിനു ശേഷം പ്രസിദ്ധീകരിക്കും. അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററിയിൽ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിൽ അപേക്ഷ പുതുക്കി നൽകാം. തെറ്റായ വിവരം അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം ലഭിക്കാത്തവർക്കും പുതുക്കി സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |