
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും സാമ്പത്തികവളർച്ചയ്ക്കും സഹായമാകുംവിധം പൂവാറിൽ കപ്പൽനിർമ്മാണശാലയ്ക്ക് വഴിയൊരുങ്ങുന്നു. കപ്പൽശാലയ്ക്ക് അനുയോജ്യമായ പ്രദേശം കണ്ടെത്തി അറിയിക്കാനും തുടർഏകോപനത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ആവശ്യപ്പെട്ട് കേന്ദ്രതുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. മാരിടൈം അമൃത്കാൽ വിഷൻ-2047ൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ സഹകരണത്തോടെ കപ്പൽശാലയും കപ്പൽഅറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കാനാണ് കേന്ദ്രപദ്ധതി. കപ്പൽശാല വരേണ്ടതിനെക്കുറിച്ച് 'കേരളകൗമുദി' നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.
80ലക്ഷം കോടിരൂപ ചെലവുവരുന്ന പദ്ധതികളാണ് മാരിടൈം അമൃത്കാലിൽ നടപ്പാക്കുക. കപ്പൽനിർമ്മാണ-അറ്രകുറ്റപ്പണി ക്ലസ്റ്ററുകൾ, റിവർക്രൂയിസ് പദ്ധതികൾ, ഉൾനാടൻ ജലഗതാഗത പദ്ധതികൾ, ലോകോത്തര തുറമുഖങ്ങൾ എന്നിവയെല്ലാമുൾപ്പെടും. സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കുന്നതിനും കപ്പൽവ്യവസായത്തിന് നിർണായക പങ്കുണ്ടെന്നും രാജ്യത്തിന്റെ വ്യാപാരത്തിൽ 95ശതമാനവും കടൽമാർഗമാണെന്നും കേന്ദ്രമയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്തിന് സംസ്ഥാനം മറുപടി നൽകിയിട്ടില്ല. പൂവാറിൽ കപ്പൽശാല വന്നാൽ കൊച്ചി ഉൾപ്പെടെ രണ്ടു കപ്പൽശാലയുള്ള സംസ്ഥാനമായി കേരളം മാറും. വിഴിഞ്ഞം തുറമുഖത്തിന് 10കിലോമീറ്റർ സമീപത്തുള്ള പൂവാറിൽ, തീരത്തുനിന്ന് അരകിലോമീറ്റർ ദൂരം വരെ 13മീറ്റർ സ്വാഭാവിക ആഴമുള്ളതാണ് കപ്പൽശാലയ്ക്ക് അനുകൂലം. ഇരുപതിനായിരത്തിലേറെ കണ്ടെയ്നറുകൾ വഹിക്കാനാവുന്ന കൂറ്റൻ കപ്പലുകൾ പോലും നിർമ്മിക്കാൻ അനുയോജ്യമാണിവിടം. ഇടയ്ക്കിടെയുള്ള ഡ്രജ്ജിംഗ് വേണ്ടിവരില്ല.
2500 ഏക്കർ ഏറ്റെടുക്കണം
1.2500-3000 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നാണ് കേന്ദ്രനിർദ്ദേശം. വൻകിട കപ്പലുകൾ നിർമ്മിക്കാനാവുംവിധം ആഴമുള്ള കടൽത്തീരമുണ്ടാവണം. പ്രധാന തുറമുഖത്തിന് സമീപമായിരിക്കണം.
2. കപ്പൽശാലയോടു ചേർന്ന് ടൗൺഷിപ്പ്, ആശുപത്രി, റോഡ് കണക്ടിവിറ്റി എന്നിവ സംസ്ഥാനം ഉറപ്പാക്കണം. ക്ലിയറൻസുകൾ, അനുമതികൾ, പെർമിറ്റുകൾ എന്നിവ വേഗത്തിലാക്കണം.
3. 15,000ത്തോളം തൊഴിലവസരങ്ങളുണ്ടാവും. അനുബന്ധ വ്യവസായങ്ങൾക്കും മെച്ചമാണ്. നികുതിയിനത്തിലും സർക്കാരിന് നേട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |