പ്രയാണത്തിന്റെ തമിഴ് പതിപ്പായി ഭരതൻ സർ ഒരുക്കിയ സാവിത്രിയുടെ ഡബിംഗ് മദ്രാസിലെ സ്റ്റുഡിയോയിൽ നടക്കുകയാണ്. അന്ന് എനിക്കു പിറകിൽ ഒരു ശബ്ദം 'കൺഗ്രാറ്റ്സ് മേനക, നിനക്ക് സേതുസാറിന്റെ (സേതുമാധവൻ) സിനിമയിൽ ഒരു നല്ല കഥാപാത്രം ഉണ്ട്. നീ മലയാള സിനിമ ഭരിക്കാൻ പോകുന്നു, ഞാൻ പ്രതാപ് പോത്തൻ' എന്ന് പറഞ്ഞു പോയ ശബ്ദം. താരതമ്യേന ജൂനിയറായ എനിക്ക് ഒരു നല്ല കഥാപാത്രം ലഭിക്കുന്നതിൽ ആശംസ അറിയിക്കാൻ കാണിച്ച ആ മനസ്. അന്ന് തിരിച്ചറിഞ്ഞതാണ് പ്രതാപ് പോത്തനിലെ മനുഷ്യനെ. ഞങ്ങൾ ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും 2014ൽ ഇമയെന്ന ഷോർട്ട് ഫിലിമിൽ ഒരുമിച്ച് പ്രവർത്തിച്ചു. ഒരു പത്തു വർഷം ഒരുമിച്ചഭിനയിച്ച പോലെയായിരുന്നു ആ എക്സ്പീരിയൻസ്. വളരെയധികം സംസാരിക്കുന്ന ആരെയും പേടിയില്ലാത്ത വ്യക്തിയാണ്. തന്റെ ഭാഗത്താണ് തെറ്റെന്ന് കണ്ടാൽ സോറി പറയാൻ ഒരിക്കലും മടിച്ചിട്ടില്ല. അതുപോലെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും ധൈര്യപ്പെട്ടിട്ടുണ്ട്. മികച്ച സുഹൃത്തായിരുന്നു. എപ്പോഴും പോസിറ്റീവിറ്റി പകർന്നു തരുന്ന പ്രതാപ് പോത്തനെ ഞങ്ങൾ 80'സ് കൂട്ടുകെട്ട് ഉറപ്പായും മിസ് ചെയ്യും.
അനുഗ്രഹീത
കലാകാരൻ
മോഹൻലാൽ
അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്നു പ്രിയപ്പെട്ട പ്രതാപ് പോത്തൻ. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായുണ്ടായിരുന്നത്. ആദരാഞ്ജലികൾ
ജനഹൃദയങ്ങളിൽ
ഇടം നേടിയ പ്രതിഭ-മുഖ്യമന്ത്രി
അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംവിധായകൻ എന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും തെന്നിന്ത്യൻ സിനിമയിൽ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.
നടനാകുമെന്ന് കരുതിയില്ല
ഹരിഹരൻ
(സംവിധായകൻ)
ഹരി പോത്തൻ നിർമ്മിച്ച രാജഹംസം സംവിധാനം ചെയ്യുന്ന കാലത്താണ് പ്രതാപ് പോത്തനെ പരിചയപ്പെടുന്നത്. അന്ന് പ്രതാപ് വിദ്യാർത്ഥിയായിരുന്നു. പതിവായി സെറ്റിൽവരികയും സിനിമയുടെ സാങ്കേതികത്വങ്ങൾ ഗൗരവമായി ചോദിച്ചറിയുകയും ചെയ്തു. നടനാകുമെന്ന് ഒട്ടും കരുതിയില്ല. സംവിധായകനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ മികച്ച അഭിനേതാവാണെന്ന് പ്രതാപ് തെളിയിച്ചു. പിന്നീട് നല്ല സംവിധായകനായും മാറി. എന്റെ സിനിമകളിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞില്ലെന്ന വിഷമമുണ്ട്. നല്ല സുഹൃത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |