പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തിലെ ഉണ്ണികൃഷ്ണൻ പോറ്രി സ്‌പോൺസർ മാത്രമല്ല, ശബരിമലയെ പ്രമുഖരുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന ഇടനിലക്കാരനുമാണെന്നും സൂചന.
ശബരിമലയിൽ എന്ത് നിർമ്മാണം നടക്കുമ്പോഴും ഇയാളുമായി ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥർ കൂടിയാലോചിച്ചിരുന്നതായി പറയുന്നു.
വിവിധ ഭാഷകൾ അറിയാവുന്നതിനാൽ കേരളത്തിന് പുറത്തുനിന്ന് എത്തുന്ന പ്രമുഖരുമായി ആശയവിനിമയം നടത്തി അവർക്കുവേണ്ട ഒത്താശകൾ ചെയ്തുകൊടുത്താണ് പിടിപാടുണ്ടാക്കിയത്.
പൂജാവിധികളും ഡിഗ്രിപഠനവും പൂർത്തിയാക്കിയ തുളു ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല കീഴ്ശാന്തിയുടെ (ഉൾക്കഴകം) സഹായിയായി 2008ലാണ് എത്തുന്നത്.
കീഴ്ശാന്തിയാണ് തിടപ്പള്ളിയുടെ ചുമതല വഹിക്കുന്നതും നിവേദ്യങ്ങൾ തയ്യാറാക്കുന്നതും. ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാമെങ്കിലും പൂജ ചെയ്യാൻ അനുവാദമില്ല. തന്ത്രിക്കും മേൽശാന്തിക്കും സഹായിയായി പ്രവർത്തിക്കുകയും ചെയ്യണം. തുടർച്ചയായി പൂജകൾ നടക്കുന്നതിനാൽ ജോലികൾ സമയബന്ധിതമായി ചെയ്തുതീർക്കാൻ കഴിയില്ല. അതുകൊണ്ടാണ് കീഴ്ശാന്തി സഹായിയായി കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്നത്.
അങ്ങനെ കയറിക്കൂടിയതാണ് ഉണ്ണികൃഷ്ണൻ പോറ്റി.
ഇയാളുടെ ചില പ്രവൃത്തികളിൽ അനിഷ്ടം തോന്നിയ തന്ത്രി , കീഴ്ശാന്തിയുടെ മുറിയിൽ നിന്ന് പുറത്താക്കി. എന്നിട്ടും ദേവസ്വം ബോർഡിലെയും പൊലീസിലെയും ഉന്നതരുടെ അടുപ്പക്കാരനായി തുടർന്നു. സ്പോൺസർ ഷിപ്പുകളും മറ്റും സംഘടിപ്പിച്ചുകൊടുത്തു. ഈ ബന്ധമാണ് 2021ൽ ദ്വാരപാലക ശില്പത്തിന്റെ പീഠം സ്വർണം പൂശി നടയ്ക്കുവച്ചിട്ടും രേഖകളിൽ ഉൾപ്പെടുത്താതെ മടക്കിക്കൊണ്ടുപോകാൻ അവസരമൊരുക്കിയതെന്ന് സൂചന.
പ്രത്യുപകരമായി ഉദ്യോഗസ്ഥർക്ക്
വിദേശത്തേക്ക് ഉല്ലാസ യാത്ര
ദക്ഷിണേന്ത്യയിൽ നിന്നെത്തുന്ന വ്യാപാരികളും വ്യവസായികളും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെയാണ് സന്നിധാനത്ത് ദർശനം നടത്തുന്നതും തങ്ങുന്നതും.
ദേവസ്വത്തിലെയും പൊലീസിലെയും ഉന്നതരുമായും ഗാർഡുകളുമായും അടുത്ത ബന്ധം സ്ഥാപിച്ചാണ് ഇതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തിരുന്നത്. പ്രത്യുപകരമായി ഉദ്യോഗസ്ഥർക്ക് കേരളത്തിന് പുറത്തേക്കും വിദേശത്തേക്കും ഉല്ലാസ യാത്രകൾ തരപ്പെടുത്തിക്കൊടുത്തു.
മാളികപ്പുറം ക്ഷേത്രത്തിലും സ്പോൺസർഷിപ്പിലൂടെ മാലയും മറ്റ് തിരുവാഭരണങ്ങളും ഉണ്ണികൃഷ്ണൻപോറ്റി നൽകിയിട്ടുണ്ട്. ശബരിമലയിലെ ചില നിർമ്മാണ പ്രവൃത്തികൾക്കും അന്നദാനത്തിനും ഉണ്ണികൃഷ്ണൻ പോറ്റിയുടെ വലിയ സഹായം ദേവസ്വം ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |