SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.02 PM IST

ജനുവരിയിൽ ചോദ്യപേപ്പർ മാറി നൽകി; കഴിഞ്ഞദിവസം പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

Increase Font Size Decrease Font Size Print Page
a

ആലപ്പുഴ: എസ്.ഡി കോളേജിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ഒന്നാംവർഷ ബിരുദപരീക്ഷയുടെ ചോദ്യപേപ്പർ മാറിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കഴിഞ്ഞദിവസം പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. ഒന്നാംവർഷ ബിരുദപരീക്ഷയ്ക്ക് 2024 അഡ്മിഷൻ വിദ്യാ‌ർത്ഥികളുടെ ഇംപ്രൂവ്മെന്റ് ചോദ്യപേപ്പർ മാറി നൽകിയത് മൂല്യനിർണയ സമയത്താണ് അദ്ധ്യാപകർക്ക് മനസിലായത്. ഇക്കാര്യം കേരള സർവകലാശാല രജിസ്ട്രാറെയും പരീക്ഷ കൺട്രോളറെയും പ്രിൻസിപ്പൽ അറിയിച്ചു. തുടർന്ന് എല്ലാ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും വിവരം ശേഖരിച്ച് 22ന് രേഖാമൂലം യൂണിവേഴ്സിറ്റിയെ അറിയിച്ചു.

ജനുവരി 8, 12, 14 തീയതികളിൽ നടന്ന പരീക്ഷകളിലാണ് വിവിധ ഡിപ്പാർട്ടുമെന്റുകളിലായി 210 വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ മാറി നൽകിയത്. ഇക്കാര്യം അതത് വകുപ്പ് മേധാവികൾ വിദ്യാർത്ഥികളെ അറിയിച്ചിരുന്നതായും പ്രിൻസിപ്പൽ പറയുന്നു.

ജനുവരി എട്ടിന് നടന്ന ഫിസിക്സ് പേപ്പറായ പ്രോപ്പർട്ടീസ് ഒഫ് സോളിഡ്സ്, ഹിസ്റ്ററി വിഭാഗത്തിന്റെ ജെൻഡർ ത്രൂ ദി ഏജസ്, 12ന് നടന്ന ഇക്കണോമിക്സ് വിഭാഗത്തിന്റെ ഫണ്ടമെന്റൽസ് ഒഫ് മൈക്രോ ഇക്കണോമിക്സ്, ഹിസ്റ്ററിയിലെ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ, 14ന് നടന്ന ഇക്കണോമിക്സിലെ ഇക്കണോമിക്സ് ഫോർ എവരി വൺ, മാത്‌സ് വിഭാഗത്തിലെ ന്യൂമറിക്കൽ എബിലിറ്റി-1, ഫിസിക്സിലെ ഗ്രീൻ എനർജി ചോദ്യപേപ്പറുകളാണ് മാറിയത്. വിദ്യാർത്ഥികളും ചോദ്യപേപ്പറിലെ വർഷം ശ്രദ്ധിച്ചില്ല.

രണ്ടുവർഷത്തെ സിലബസുകൾ തമ്മിൽ 10 ശതമാനം വ്യത്യാസമേയുള്ളൂ. ഇതിനാലാണ് വിദ്യാ‌ർത്ഥികൾക്കും ചോദ്യപേപ്പർ മാറിയത്‌ മനസിലാക്കാനാകാത്തത്.

1.30ന് നടക്കേണ്ട പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ 11 മണിക്കു മാത്രമേ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാവൂ. ഒരുദിവസം കോളേജിൽ 36 പരീക്ഷകൾ വരെ നടക്കാറുണ്ട്. ഇങ്ങനെ വന്ന പിഴവാണിതെന്നും കോളേജ് അധികൃതർ പറയുന്നു. സംഭവത്തിൽ യൂണിവേഴ്സിറ്റി നടപടി സ്വീകരിച്ചുവരികയാണ്.

പ്രതിഷേധം ആസൂത്രിതം

ചോദ്യപേപ്പ‌ർ മാറിയത് അറിഞ്ഞപ്പോഴും ഫലം വന്നപ്പോഴും ഇല്ലാതിരുന്ന പ്രതിഷേധം ഇപ്പോൾ ഉയ‌ർത്തുന്നത് ആസൂത്രിതമാണെന്ന് കോളേജ് അധികൃതർ പറയുന്നു. കോളേജ് വളപ്പിലുണ്ടായിരുന്ന നക്ഷത്രക്കുളം മൂടിയതുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഇതിന് പിന്നിൽ. മൂടിയ കുളം തുറന്നുനൽകിയില്ലെങ്കിൽ ചോദ്യപേപ്പർ മാറി നൽകിയത് പുറത്തറിയിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രിൻസിപ്പലിന്റെ മുറി പുറത്തുനിന്ന് പൂട്ടുകയും നക്ഷത്രക്കുളം മൂടിയ സ്ഥലത്തെ മണ്ണ് മുറിയിൽ കൊണ്ടിടുകയും ചെയ്തിരുന്നു. കുളം തുറന്നില്ലെങ്കിൽ തന്റെ കസേരയിൽ വാഴ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിൻസിപ്പൽ പറയുന്നു.

ചോദ്യപേപ്പർ മാറിയ വിവരം സർവകലാശാലയെ അറിയിച്ചിട്ടുണ്ട്. മറുപടിക്കായി കാത്തിരിക്കുകയാണ്

ഡോ. വി.ആർ. പ്രഭാകരൻ നായ‌ർ

പ്രിൻസിപ്പൽ ഇൻചാർജ്

എസ്.ഡി കോളേജ്, ആലപ്പുഴ

TAGS: QUESTION PAPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY