SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

നൈപുണ്യ പദ്ധതിയിൽ ക്രമക്കേട്; 62 ഇടത്ത് വിജിലൻസ് റെയ്ഡ്

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: നൈപുണ്യ പരിശീലനത്തിനുള്ള ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജനയിൽ ക്രമക്കേടുകളും അഴിമതിയും നടക്കുന്നെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് റെയ്ഡ് നടത്തി. ഓപ്പറേഷൻ 'സ്‌കിൽ ഗാർഡ്' എന്നപേരിൽ 47 പദ്ധതി നിർവഹണ ഏജൻസികളിലും, സംസ്ഥാന നിർവഹണ ഓഫീസിലും 14 ജില്ലാ നിർവഹണ ഓഫീസുകളിലും ഉൾപ്പെടെ 62 ഇടങ്ങളിലായിരുന്നു റെയ്ഡ്. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി അറിയുന്നു.

ഗ്രാമീണ മേഖലയിലെ യുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകി അവരെ സ്വയംപര്യാപ്തരാക്കുന്നതിനും തൊഴിൽ ഉറപ്പു വരുത്തുന്നതിനുമുള്ള കേന്ദ്ര പദ്ധതിയാണിത്. ഇതിന്റെ നടത്തിപ്പിൽ നിർവഹണ ഏജൻസികൾ വ്യാപകമായ ക്രമക്കേടുകളും തട്ടിപ്പും കാട്ടുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. പദ്ധതിച്ചെലവിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് വഹിക്കുന്നത്. നിർവഹണ ഏജൻസികൾ വഴിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.

ഔപചാരിക പരിശീലനം നൽകാതെയും യുവാക്കൾക്ക് പ്രവേശനം നൽകിയെന്ന് കാട്ടിയും പരിശീലനം പൂർത്തിയാക്കിയവർക്ക് ജോലി ലഭിച്ചുവെന്ന് കാണിക്കാൻ വ്യാജ ശമ്പള സർട്ടിഫിക്ക​റ്റുകളും ബാങ്ക് സ്​റ്റേ​റ്റുമെന്റുകളും ഹാജരാക്കിയും നിർവഹണ ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുന്നുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. ഇവ പരിശോധിച്ച് ഉറപ്പാക്കേണ്ട ജില്ലാ, സംസ്ഥാന നിർവഹണ ഓഫീസുകളിലെ ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നു.

നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത ഏജൻസികൾക്ക് പണം മാറി നൽകുന്നു, പരിശീലന കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോയെന്ന് ഉറപ്പാക്കാതെ പദ്ധതികൾ അനുവദിക്കുന്നു, ചില ഏജൻസികൾ അതത് സ്ഥാപനങ്ങളിലെ ജീവനക്കാരെതന്നെ ട്രെയിനികളായി കാട്ടി തുക കൈക്കലാക്കുന്നു തുടങ്ങിയ വിവരങ്ങളും വിജിലൻസിന് ലഭിച്ചിരുന്നു.

TAGS: RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY