
തിരുവനന്തപുരം: മണിയൻപിള്ള രാജുവിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചതിലെ അന്വേഷണത്തിൽ പൊലീസ് വീഴ്ചവരുത്തിയെന്ന് ആരോപണം.
അപകടം നടന്ന വ്യാഴാഴ്ച രാത്രി തന്നെ പൊലീസ് രാജുവിന്റെ വീട്ടിലെത്തിയെന്നും വീട് പൂട്ടിയ നിലയിലായിരുന്നെന്നുമാണ് സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് മാദ്ധ്യമങ്ങളോടു പറഞ്ഞത്. കാറും അവിടെയുണ്ടായിരുന്നില്ല.
എന്നാൽ, പൊലീസ് രാത്രി വീട്ടിൽ വന്നു തന്നെ കണ്ടെന്നായിരുന്നു രാജു പ്രതികരിച്ചത്. താൻ രോഗിയാണെന്നും ഭാര്യ വീട്ടിൽ ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോൾ രാവിലെ സ്റ്റേഷനിലെത്തിയാൽ മതിയെന്നു നിർദേശിച്ച് പൊലീസ് മടങ്ങി. ഈ വൈരുദ്ധ്യം കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപണമുയർന്നു.
അപകടത്തിനു പിന്നാലെ പൊലീസിനെ വിളിച്ചെന്നും അടുത്ത ദിവസം രാവിലെ സ്റ്റേഷനിൽ വന്നാൽ മതിയെന്നാണ് അപ്പോഴും അറിയിച്ചതെന്നും രാജു ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം പൊലീസ് നിഷേധിച്ചു. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് സംഭവം വിളിച്ചറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാജു മദ്യപിച്ചിരുന്നോ എന്നു പരിശോധിച്ചത് 12 മണിക്കൂറിനു ശേഷമാണ്. പരിശോധന നേരത്തെ നടത്താതിരുന്നത് ഒത്തുകളിയെന്ന ആരോപണവും ഉയർന്നു. എട്ട് മണിക്കൂറിന് ശേഷമുള്ള വൈദ്യപരിശോധന കൊണ്ട് കാര്യമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
വോൾവോ കാർ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ടെന്നിസ് ക്ലബിനു പിന്നിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടം നടന്നത് ഒൻപതരയ്ക്കെന്നായിരുന്നു പരിക്കേറ്റ യുവാക്കൾ പൊലീസിനോട് പറഞ്ഞത്. പത്തു മണിക്കു ശേഷമാണെന്ന് സിസി.ടി.വി പരിശോധനയിൽ വ്യക്തമായി.
പൊലീസിന് വീഴ്ച് സംഭവിച്ചിട്ടണ്ടോ എന്ന് അന്വേഷിക്കും. വിശദമായ പരിശോധന നടത്തും കെ.കാർത്തിക്,
സിറ്റി പൊലീസ് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |