SignIn
Kerala Kaumudi Online
Friday, 26 April 2024 9.54 AM IST

സംഗീത നിലാവ് പരത്തി 92-ാം വയസിലും രത്നാകരൻ ഭാഗവതർ

rathnakaran

തിരുവനന്തപുരം: ഇന്ന് കുട്ടികൾ ഓൺലൈൻ ക്ലാസിനായി ടി.വിക്കും മൊബൈലിനും മുന്നിൽ ഇരിക്കുന്നതുപോലെ മുമ്പ് സംഗീതം പഠിക്കാൻ കുട്ടികൾ ഉൾപ്പെടെ റേഡിയോയ്ക്ക് മുന്നിലിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് കാരണക്കാരനായത് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്ത് 'ശിവഭവനിൽ' താമസിക്കുന്ന രത്നാകരൻ ഭാഗവതർ. ആകാശവാണിയിൽ നിന്നും എ ടോപ്പ് സംഗീതജ്ഞൻ പദവി നേടുന്ന ആദ്യത്തെ ആൾ. ആകാശവാണിയിലൂടെ ആദ്യ ലളിത സംഗീത പാഠം പഠിപ്പിച്ചതും ഭാഗവതർ. കഴിഞ്ഞ മാസം 92 പിന്നിട്ട ഭാഗവതർ രണ്ടു വർഷം മുമ്പുവരെ ആകാശവാണിയിലെത്തി സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.

ആയിരത്തിലേറെ ലളിത ഗാനങ്ങൾക്ക് ഭാഗവതർ ഈണം നൽകിയിട്ടുണ്ട്. 1973ൽ മനുഷ്യപുത്രൻ എന്ന ചിത്രത്തിലെ ഒരു നാടൻ പാട്ടിന് ഈണം നൽകി. ശിഷ്യരായ കെ.എസ്.ജോർജ്ജും കെ.പി.എ.സി സുലോചനയുമായിരുന്നു ആ ഗാനം പാടിയത്. പദ്മരാജൻ,​ വേണുനാഗവള്ളി തുടങ്ങിയവർ ക്ഷണിച്ചെങ്കിലും പിന്നെ സിനിമാ സംഗീതത്തിന്റെ വഴിയേ പോയില്ല. ''അന്ന് എനിക്ക് സ്വർഗമായിരുന്നു ആകാശവാണി. അവിടെ നല്ല തിരക്കുമുണ്ടായിരുന്നു.''- സിനിമയിൽ സ‌ജീവമാകാത്തതിന് കാരണമായി ഭാഗവതർ പറഞ്ഞു.

 ഗുരുദേവ സന്നിധിയിൽ നിന്നും ലഭിച്ച നിധി

കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ സംഗീതജ്ഞനും തകിൽവാദകനുമായിരുന്ന ശിവരാമൻ ഭാഗവതരുടേയും ലക്ഷ്മിഅമ്മയുടേയും മകനാണ് രത്നാകരൻ. പിതാവിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ സ്വന്തമാക്കിയത്. ആദ്യം വിപുലമായ രീതിയിൽ ശാസ്ത്രീയ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയത് 14-ാം വയസിൽ ശിവഗിരിയിലായിരുന്നു. കച്ചേരി കഴിഞ്ഞ ഉടൻ ഗുരുദേവന്റെ ശിഷ്യന്മാർ ചുറ്റും കൂടി ഗുരുദേവന്റെ അനുഗ്രഹം ലഭിച്ചതായി പറഞ്ഞത് അദ്ദേഹം ഇപ്പോഴും ഓർക്കുന്നു. അന്ന് അവർ ഒരു സ്വർണ്ണ മെഡൽ അണിയിച്ചു. നിധി പോലെ സൂക്ഷിച്ചുവച്ചിരുന്ന ആ മെഡൽ കുടുംബത്തിന് ദാരിദ്ര്യം വന്നപ്പോൾ വിൽക്കേണ്ടി വന്നതിന്റെ നഷ്ടബോധം ഇന്നും അദ്ദേഹത്തിനു മാറിയിട്ടില്ല. സ്വാതി തിരുനാൾ സംഗീതസഭയുടെ ഗായകരത്നം പുരസ്കാരം ഉൾപ്പെടെ കിട്ടിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.

''രത്നാകരൻ ഭാഗവതർ സംഗീതത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ചിട്ടുള്ള സരസ്വതീ പുത്രനാണ്. എത്രയോ ശിഷ്യഗണങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഈ പ്രായത്തിലും സംഗീതമാണ് അദ്ദേഹത്തിന്റെ പ്രാണൻ''

- കെ.ജെ.യേശുദാസ്

ഭാഗവതർ ഈണം നൽകിയ

പ്രശസ്ത ലളിതഗാനങ്ങളിൽ 5 എണ്ണം

1. കുളിരുകോരുകയാണ് കരളേ...

2. കണ്ണാ,​ കാർമുകിൽ വർണ്ണാ...

3. ആടിമാസത്തിലെ...

4. യാമിനി യാമിനി..

5. കതിരെല്ലാം കൊയ്യാറായി..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RATHNAKARAN BHAGAVATHAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.