SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.44 AM IST

പ്രണയ വിവാഹം തകർന്നതോടെ മകനുവേണ്ടിയായി ജീവിതം, രേണു വന്നതോടെ സുധിയുടെ ജീവിതത്തിൽ വീണ്ടും സന്തോഷമെത്തി; ഇവർ ഇനി തനിച്ചാണ്‌

Increase Font Size Decrease Font Size Print Page
sudhi

ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിലാണ് നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) മരിച്ചത്. പതിനാറാമത്തെ വയസിലാണ് സുധി കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. അമ്പലപ്പറമ്പുകളിലെ സ്റ്റേജ് ഷോകളിൽ നിന്നാരംഭിച്ച് വെള്ളിത്തിരയിൽവരെ എത്താൻ സുധിക്കായി. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. മിനിസ്ക്രീനിലും തിളങ്ങി.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും അദ്ദേഹം ഒരിക്കൽ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. രണ്ട് പേരെ സുധി വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യത്തേത് പ്രണയവിവാഹമായിരുന്നു. എന്നാൽ ഒന്നരവയസുള്ള മകനെ തന്നെ ഏൽപ്പിച്ച് ഭാര്യ മറ്റൊരാൾക്കൊപ്പം പോയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ സ്ത്രീ പിന്നെ ആത്മഹത്യ ചെയ്തു. രണ്ടാം ഭർത്താവുമായുള്ള പ്രശ്നങ്ങളായിരുന്നു കാരണമെന്നും തനിക്ക് ആരോടും പരാതിയില്ലെന്നും സുധി പറഞ്ഞിരുന്നു.

ആദ്യ ഭാര്യ പോയതോടെ സുധി ഏറെ തളർന്നു. സ്റ്റേജ് ഷോയ്ക്കും മറ്റും കുഞ്ഞിനെയുമെടുത്തുകൊണ്ടായിരുന്നു പോയിരുന്നത്. വർഷങ്ങൾക്ക് ശേഷം രേണു ജീവിതത്തിലേക്ക് കടന്നുവന്നതോടെ നഷ്ടപ്പെട്ടുപോയ സന്തോഷങ്ങൾ തിരിച്ചെത്തി. മകൻ രാഹുലിന് രേണു സ്വന്തം അമ്മ തന്നെയാണെന്നും സുധി മുമ്പ് പറഞ്ഞിരുന്നു. ദമ്പതികൾക്ക് ഋതുൽ എന്നൊരു മകൻ കൂടിയുണ്ട്.


കോഴിക്കോട് വടകരയിൽ പ്രോഗ്രാം കഴിഞ്ഞ് മടങ്ങവെയാണ് സുധി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. തൃശൂർ കയ്പമംഗലത്തിന് സമീപം ടാങ്കർ ലോറിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. കയ്‌പമംഗലത്ത് ഒരാഴ്ച മുമ്പും ടാങ്കർ ലോറി അപകടത്തിൽപ്പെട്ടിരുന്നു. ഡ്രൈവർ മരിച്ചു.

TAGS: KOLLAM SUDHI, FAMILY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ