
കൊച്ചി: നിരത്തുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ അമിതവേഗത്തിൽ വാഹനമോടിച്ചു പോകുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കണം. സീബ്രാക്രോസിംഗുകളിൽ കാൽനടക്കാർക്ക് പരിഗണന നൽകുന്ന മികച്ച ഡ്രൈവിംഗ് സംസ്കാരം കൊണ്ടുവരാൻ കർശന നടപടിയെടുക്കണം. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന്റെ ഭാഗമായുള്ള റോഡ് ടെസ്റ്റിൽ ഇക്കാര്യം പരിശോധനയ്ക്ക് വിധേയമാക്കണം.
ഈവർഷം ഒക്ടോബർ 31വരെ സീബ്രാലൈൻ മറികടക്കവേ 218പേർ വാഹനമിടിച്ചു മരിച്ചുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. സീബ്രാക്രോസിംഗുകളിൽ പ്രഥമാവകാശം കാൽനടക്കാർക്കാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
റോഡ് മുറിച്ചുകടന്ന ഇത്രയുംപേർ വാഹനമിടിച്ചു മരിച്ചുവെന്നതും അതിലേറെയും മുതിർന്ന പൗരൻമാരാണെന്നതും അലോസരപ്പെടുത്തുന്നു. ഡ്രൈവിംഗ് സംസ്കാരത്തിന്റെ പേരിൽ ഇനിയും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഓൺലൈനായി ഹാജരായ ട്രാഫിക് ഐ.ജി കാളിരാജ് മഹേഷ്‌കുമാർ, ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ.ബിജു എന്നിവരിൽനിന്ന് കോടതി അഭിപ്രായങ്ങൾ തേടി. ഹർജി ഡിസംബർ 10ന് വീണ്ടും പരിഗണിക്കും. അന്ന് അവലോകന റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർ ഹാജരാകണമെന്നും നിർദ്ദേശിച്ചു.
മുന്നറിയിപ്പ് ബോർഡ് വേണം
1.ആളുകൾ സീബ്രാലൈനിലൂടെ കുറുകെ കടക്കുന്നത് ദൂരെനിന്ന് കാണാനും വേഗതകുറയ്ക്കാനും ഡ്രൈവർമാർക്ക് കഴിയണം. ഇതിനായി സീബ്രാലൈനിന് മീറ്ററുകൾക്കുമുമ്പേ സിഗ്നലുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും കോടതി
2.ദൂരെനിന്ന് ഡ്രൈവർക്ക് കാണാനാവുന്ന വിധത്തിലുള്ള ടേബിൾടോപ്പ് സീബ്രാലൈനുകളും സ്ഥാപിക്കണം. സീബ്രാലൈനുകളിൽ ഗതാഗത നിയന്ത്രണത്തിന് താത്കാലികമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നല്ലതാണ്. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കൊപ്പം കോടതിയുണ്ടാവും
'ഇരയാകുന്നവർ പകുതിയും
മുതിർന്ന പൗരന്മാർ'
സീബ്രാക്രോസിംഗുകളിൽ അപകടത്തിന് ഇരയാകുന്നവരിൽ പകുതിയും മുതിർന്ന പൗരൻമാരാണെന്ന് ഐ.ജി കാളിരാജ് മഹേഷ്‌കുമാർ. ശരിയായ നടപ്പാതകളില്ലാത്തതും അനധികൃത പാർക്കിംഗും കാൽനടക്കാർക്ക് ഭീഷണിയാണ്. ഇവർക്ക് പരിഗണന നൽകാത്ത ഡ്രൈവിംഗ് സംസ്കാരവും കാരണമാണ്. പെലിക്കൻ സിഗ്നൽ സംവിധാനവും കോഴിക്കോട് നഗരത്തിൽ നടപ്പാക്കിയ ടേബിൾടോപ്പ് സീബ്രാക്രോസിംഗും പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനാവുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |