തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഇടക്കാല കുറ്റപത്രം ഉടൻ നൽകാൻ എസ്.ഐ.ടി. 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യത്തിലാണിത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു രണ്ട് കേസുകളിലും ജാമ്യം നേടി ജയിൽ മോചിതനായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം ലഭിച്ചു. മറ്റു പ്രതികൾക്കും ഉടൻ ജാമ്യം ലഭിക്കാനിടയുണ്ട്. അതിനാൽ അടുത്തയാഴ്ച ഇടക്കാല കുറ്റപത്രം നൽകും.
വിശദമായ തുടരന്വേഷണത്തിനു ശേഷമായിരിക്കും അന്തിമ കുറ്റപത്രം നൽകുക. മുഖ്യപ്രതികൾ പുറത്തിറങ്ങുന്നത് ഇനി അറസ്റ്റ് ചെയ്യാനുള്ളവർക്ക് രക്ഷപെടാൻ വഴിയൊരുക്കുമെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. അതേസമയം,നിലവിലുള്ള കട്ടിളപ്പാളി,ദ്വാരപാലക ശില്പക്കേസുകൾക്ക് പുറമേ മൂന്നാമതൊരു കേസുകൂടി ഉടൻ രജിസ്റ്റർ ചെയ്യാനും എസ്.ഐ.ടി നീക്കമുണ്ട്. ശ്രീകോവിൽ വാതിൽ,കൊടിമരം എന്നിവയിലെയടക്കം സ്വർണക്കൊള്ള നടത്തിയതിനാവും ഇത്. മറ്റ് രണ്ടുകേസുകളിലെ പ്രതികളെ ഇതിലും പ്രതിയാക്കും. ഇതോടെ പ്രതികൾ ജയിൽ മോചിതരാവുന്നത് തടയാനാവുമെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |