ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണം
തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുത്തിയേക്കും. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇത് സംബന്ധിച്ച സൂചന നൽകി.
ശബരിമലയിൽ യുവതീപ്രവേശനം ആവാമെന്ന് സുപ്രീംകോടതിയിൽ നേരത്തേ ബോർഡ് നൽകിയ സത്യവാങ്മൂലം മാറ്റുന്നതിൽ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ യുവതീപ്രവേശനം ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടിലേക്ക് ദേവസ്വം ബോർഡ് എത്തിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ വിശ്വാസികളെ സർക്കാരിനെതിരെ തിരിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ മുനയൊടിക്കുന്നതാണ് ഈ നീക്കമെന്നും വിലയിരുത്തലുണ്ട്. പുനഃപരിശോധനാ ഹർജികളിൽ 2020ൽ സുപ്രീംകോടതിയിൽ വാദം നടന്നപ്പോൾ, യുവതീപ്രവേശനത്തെ അനുകൂലിക്കുന്നതായിരുന്നു ബോർഡിന്റെ നിലപാട്.
സെപ്തംബർ 20 ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനു മുൻപ് യുവതീപ്രവേശന വിഷയത്തിൽ ബോർഡ് നിലപാട് തിരുത്തുമോയെന്ന് ബി.ജെ.പി ചോദ്യമുയർത്തിയിരുന്നു. അയ്യപ്പസംഗമത്തിന് പിന്തുണയറിയിച്ച എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യം
ഉന്നയിച്ചിട്ടുണ്ട്. സംഗമത്തോട് ബി.ജെ.പിയും സംഘപരിവാർ സംഘടനകളും എതിർപ്പുയർത്തുമ്പോൾ, പ്രമുഖ സമുദായ സംഘടനകളുടെ പിന്തുണ ദേവസ്വം ബോർഡിനും സർക്കാരിനും ആത്മവിശ്വാസം പകരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |