SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

നിയമസഭയിൽ ഏറ്റുമുട്ടി സതീശനും ശിവൻകുട്ടിയും

Increase Font Size Decrease Font Size Print Page
aa-

തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടേറിയറ്റ് മാർച്ചിനിടെ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ വിമർശനം നിയമസഭയിൽ കളമൊരുക്കിയത് അതിരൂക്ഷമായ ആരോപണ, പ്രത്യാരോപണങ്ങൾക്ക്.

വാർത്ത വരുമെന്ന് കണ്ടാൽ എന്തു വിഢിത്തവും വിളിച്ചുപറയുന്ന ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേടാണ് കുട്ടികൾക്കുള്ളതെന്ന് സതീശൻ ആക്ഷേപിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 9,000 കോടിയുടെ വികസനം പൊതുവിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന മറ്റൊരു സർക്കാരിനെ കാണിച്ചുതരാൻ സതീശനെ ശിവൻകുട്ടി വെല്ലുവിളിച്ചു. താൻ ആർ.എസ്.എസിനെതിരായ പോരാട്ടം നടത്തുമ്പോൾ സതീശൻ വള്ളി നിക്കറിട്ട് സ്‌കൂളിൽ പഠിക്കുകയായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌കിനു മുകളിൽ കയറിനിന്ന് അസംബന്ധം പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്ന് സതീശൻ ആരോപിച്ചു. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണ് വി.ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. എക്‌സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്നെങ്കിലും പറയാമായിരുന്നു. ശബരിമലയിൽ ഇപ്പോഴുള്ളത് വ്യാജ ദ്വാരപാലക ശില്പമാണെന്നും സതീശൻ ആരോപിച്ചു.

തന്നെ സംഘപരിവാറുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്ന സതീശൻ നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് ആരാണെന്ന് ഓർക്കണമെന്ന് ശിവൻകുട്ടി തിരിച്ചടിച്ചു. ഗോൾവാൾക്കറുടെ ചിത്രത്തിനു മുമ്പിൽ നട്ടെല്ല് വളച്ചത് സതീശനാണ്. വിനായക് ദാമോദർ സതീശനെന്നാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പേര്. ശബരിമല സ്വർണക്കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെക്കുറിച്ചുള്ള വാർത്തകൾ വന്നത് താൻ പറഞ്ഞിട്ടല്ല. പുനർജനി കേസിൽ വിജിലൻസ് കുറ്റവിമുക്തനാക്കിയെന്നാണ് സതീശന്റെ വാദം. എന്നാൽ വസ്തുത മറിച്ചാണ്. വിഴിഞ്ഞം പദ്ധതിയിൽ ഇരട്ടത്താപ്പാണ് സതീശൻ സ്വീകരിച്ചത്. വയനാട്ടിൽ ദുരന്ത മുഖത്തുപോലും രാഷ്ട്രീയം കളിച്ചു. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഡെപ്യൂട്ടി ചീഫ് മാർഷൽ ആക്രമിച്ചെന്ന് സതീശൻ തട്ടിവിട്ടു. എന്നാൽ തനിക്കുനേരെ അക്രമമുണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂർ പിന്നീട് വ്യക്തമാക്കി. പറവൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്ത് സർക്കാരിനെ പുകഴ്ത്തി. വിവാദമായപ്പോൾ പ്രസംഗിച്ചിട്ടില്ലെന്ന് സതീശൻ പറഞ്ഞെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

TAGS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY