
ന്യൂഡൽഹി: ഇന്ത്യ- യു.എസ് വ്യാപാരക്കരാറും, ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചുള്ള മുൻ കരസേന മേധാവി എം.എം.നരവനെയുടെ പുസ്തകത്തിലെ പരാമർശവും ലോക്സഭയെ ഇന്നലെയും ഇളക്കിമറിച്ചു. പുസ്തകത്തെക്കുറിച്ച് പരാമർശിച്ച രാഹുൽഗാന്ധിയുടെ മൈക്ക് ഓഫാക്കിയതിനെത്തുടർന്ന് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലെ മേശപ്പുറത്തുകയറി പ്രതിഷേധിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കടലാസുകൾ കീറിയെറിഞ്ഞു. സംഭവത്തിൽ കേരളത്തിൽനിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് അടക്കം എട്ട് എം.പിമാരെ സ്പീക്കർ ഈ സമ്മേളനക്കാലയളവ് കഴിയുംവരെ സസ്പെൻഡ് ചെയ്തു.
അമരീന്ദർസിംഗ് രാജ വാറിംഗ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഒാജ്‌ല, കിരൺകുമാർ റെഡ്ഡി, പ്രശാന്ത് പഡോൾ (കോൺഗ്രസ്), എസ്.വെങ്കിടേശൻ (സി.പി.എം) എന്നിവരാണ് സസ്പെൻഷനിലായ മറ്റുള്ളവർ. രാവിലെ സഭസമ്മേളിച്ചപ്പോൾ യു.എസ് പ്രസിഡന്റ് ട്രംപ് ഏകപക്ഷീയമായി വ്യാപാരക്കരാർ പ്രഖ്യാപിച്ചെന്നാരോപിച്ച് പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ 12 മണിവരെ സഭനിറുത്തിവച്ചു. വീണ്ടും ചേർന്നെങ്കിലും ബഹളത്തിൽമുങ്ങി വീണ്ടും നിറുത്തി.
ഉച്ചയ്ക്ക് രണ്ടിന് വീണ്ടുംചേർന്നപ്പോൾ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വിട്ട് മറ്റൊന്നും പറയരുതെന്ന ഉപാധിയോടെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെ പ്രസംഗിക്കാൻ സ്പീക്കർ ക്ഷണിച്ചു. എന്നാൽ, നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പിനെക്കുറിച്ച് മാഗസിനിൽ വന്ന ലേഖനത്തിലെ ചില വിവരങ്ങൾ പറയുമെന്ന് രാഹുൽ പറഞ്ഞു. അത് ആധികാരികമാണെന്നും വ്യക്തമാക്കി.
ചൈനയും യു.എസും തമ്മിലുള്ള സംഘർഷമാണ് ഇന്ന് ലോകവേദിയിലെ പ്രധാന വിഷയമെന്നും അത് രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെയും കേന്ദ്രബിന്ദുവാണെന്നും പറഞ്ഞു. ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നും പ്രധാനമന്ത്രി അതിനോട് എങ്ങനെ പ്രതികരിച്ചുവെന്നും പറയാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞതോടെ ഭരണപക്ഷം ബഹളംതുടങ്ങി. അതോടെ സഭ നിറുത്തിവച്ചു. മൂന്നിന് വീണ്ടും ചേർന്നപ്പോൾ എം.പിമാരെ സസ്‌പെൻഡ് ചെയ്യണമെന്ന പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രമേയം ശബ്‌ദവോട്ടോടെ പാസാക്കി സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
ബാനർ വലിച്ചുകീറി
ഉന്തുംതള്ളും ബഹളവും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണം വൈകുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയിൽ സംഘർഷം. സ്പീക്കറുടെ മുഖംമറച്ച് ഉയർത്തിയ ബാനർ വാച്ച്ആൻഡ് വാർഡ് പിടിച്ചുവാങ്ങി വലിച്ചുകീറി. സ്പീക്കറുടെ വേദിയിലേക്ക് ചാടിക്കയറിയ 2 പ്രതിപക്ഷാംഗങ്ങൾ അവിടെനിന്ന് മുദ്രാവാക്യം മുഴക്കി. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷാംഗങ്ങളുമായി ഉന്തുംതള്ളുമുണ്ടായി. ഭരണപക്ഷാംഗങ്ങളും നടുത്തളത്തിലിറങ്ങി. രണ്ടുവട്ടം സ്പീക്കർ സഭാനടപടികൾ നിറുത്തിവച്ചു. ഒരുമണിക്കൂറോളം സഭ സ്തംഭിച്ചു.
രാവിലെ ഒമ്പതിന് ചോദ്യോത്തരവേള തുടങ്ങിയപ്പോഴേ പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തന്റെ കാഴ്ചമറയ്ക്കുന്ന ബാനർ താഴ്‌ത്തണമെന്നും ഇല്ലെങ്കിൽ പിടിച്ചുമാറ്റുമെന്നും സ്പീക്കർ എ.എൻ.ഷംസീർ മുന്നറിയിപ്പ് നൽകിയിട്ടും പിൻവാങ്ങിയില്ല. സഭാനടപടികൾ തുടരുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷാംഗങ്ങളും നടുത്തളത്തിനരികിലെത്തി.
ബാനർ വലിച്ചുമാറ്റാൻ വാച്ച് ആൻഡ് വാർഡ് ശ്രമിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ അവർക്കെതിരെ തിരിഞ്ഞു. അതിനിടെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതോടെ സ്പീക്കർ സഭവിട്ടു. ശൂന്യവേളയിൽ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം സ്പീക്കറുടെ വേദിയിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച്ആൻഡ് വാർഡ് ബാനർ ബലമായി പിടിച്ചുവാങ്ങി. പ്രതിപക്ഷാംഗങ്ങൾക്കരികിൽ നിന്ന് മാറാൻ സ്പീക്കർ വാച്ച്ആൻഡ് വാർഡിനോട് നിർദ്ദേശിച്ചു.
വാച്ച്ആൻഡ് വാർഡുമായി ഉന്തുംതള്ളും രൂക്ഷമായി. ഇതിനിടെ, അൻവർസാദത്ത് സ്പീക്കറുടെ വേദിക്ക് മുന്നിലെ കൈവരി ചാടിക്കടന്ന് അകത്തെത്തി. മുദ്രാവാക്യം വിളിച്ചു. വാച്ച്ആൻഡ് വാർഡുമായുള്ള പിടിവലിക്കിടെ സാദത്ത് നിലത്തുവീണു. പിന്നാലെ മാത്യുകുഴൽനാടനും ചാടിക്കയറി. സംഘർഷം കനത്തതോടെ സ്പീക്കർ സഭാനടപടികൾ നിറുത്തിവച്ചു. 10.34ന് വീണ്ടുംചേർന്നെങ്കിലും പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |