കൊച്ചി: അഗ്നിശമന സേനാംഗങ്ങൾ അന്വേഷണബുദ്ധിയോടെ ജോലി ചെയ്യണമെന്ന് ഡയറക്ടർ ജനറൽ ബി.സന്ധ്യ പറഞ്ഞു. ഫയർ സർവീസ് ദിനാചരണത്തോടനുബന്ധിച്ച് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അഗ്നിശമന സേനാംഗങ്ങൾ, സിവിൽ ഡിഫൻസ് വോളന്റിയർമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവർക്ക് ബാഡ്ജ് ഒഫ് ഓണർ നൽകി സംസാരിക്കുകയായിരുന്നു അവർ. അഗ്നിശമന സേനാംഗങ്ങൾക്ക് പൊലീസിനുള്ളത്രയും അന്വേഷണ മനോഭാവം വേണമെന്നില്ല. പക്ഷേ രാസപദാർത്ഥങ്ങളാലുള്ള സ്ഫോടനങ്ങൾ നടക്കുന്ന സ്ഥലത്തെത്തുമ്പോൾ അത് ആരെങ്കിലും ബോധപൂർവം സൃഷ്ടിച്ചതാണോയെന്ന് നിരീക്ഷിക്കാനും കുറ്റകൃത്യമാണെങ്കിൽ ഫോറൻസിക് വിദഗ്ദ്ധർക്ക് ആവശ്യമായ തെളിവുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനുമുള്ള അന്വേഷണാത്മകത സേനയ്ക്കുണ്ടാകണമെന്നും ബി. സന്ധ്യ പറഞ്ഞു. ഇത്തവണ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 20 ഉദ്യോഗസ്ഥർക്കും അഞ്ച് സിവിൽ ഡിഫൻസ് വോളന്റിയർമാർക്കുമാണ് ബഹുമതി ലഭിച്ചത്. കൊക്കയാർ, കൂട്ടിക്കൽ എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തമുഖത്ത് തടസങ്ങൾ തരണംചെയ്ത് ആദ്യമെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ട 21 അഗ്നിശമന സേനാംഗങ്ങൾക്ക് പ്രത്യേക ഉപഹാരവും നൽകി. കൊച്ചി സാങ്കേതിക സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സ്റ്റേഷൻ ഓഫീസർ ട്രെയിനി കൃഷ്ണ സാഗറിനെയും അനുമോദിച്ചു. എറണാകുളം ഗാന്ധിനഗറിലെ അഗ്നിശമന സേനയുടെ ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) അരുൺ അൽഫോൻസ് അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ഫയർ ഓഫീസർമാരായ കെ.കെ. ഷിജു സ്വാഗതവും എം.ജി. രാജേഷ് നന്ദിയും പറഞ്ഞു.
ബാഡ്ജ് ഒഫ് ഓണർ നേടിയവർ
ജില്ലാ ഫയർ ഓഫീസർ റെനി ലൂക്കോസ്, സ്റ്റേഷൻ ഓഫീസർ പ്രസന്നകുമാർ (ഇരുവരും വിയ്യൂർ അക്കാഡമി), കെ.പി. ബാലകൃഷ്ണൻ (എസ്.ഒ തളിപ്പറമ്പ്), കെ.വി. ജോയി (എ.എസ്.ഒ ഇടുക്കി), പി. പോൾ ഡേവിഡ് (സി.എഫ്.ആർ.ഒ തൃശൂർ), സി. ശശിധരൻ (സി.എഫ്.ആർ.ഒ പെരിങ്ങോം), പി.എം. അനിൽ (സി.എഫ്.ആർ.ഒ കല്പറ്റ), കെ.ബി. സുബാഷ് (സി.എഫ്.ആർ.ഒ കഴക്കൂട്ടം), ടി.ആർ. പ്രദീപ് (സി.എഫ്.ആർ.ഒ അടിമാലി), ബി.ആർ. അരുൺ കുമാർ (സി.എഫ്.ആർ.ഒ പാലക്കാട്), ടി.യു. ഷാജി (സി.എഫ്.ആർ.ഒ കോട്ടയം), എസ്. ഷാബീർ (സി.എഫ്.ആർ.ഒ നെടുമങ്ങാട്), കെ.പി. റെനീഷ് (എഫ്.ആർ.ഒ കൂത്തുപറമ്പ്), എസ്.എസ്. രഞ്ജിത്ത് (എഫ്.ആർ.ഒ ചാക്ക), എം.ജി. ജിത്ത് (എഫ്.ആർ.ഒ വിയ്യൂർ), കെ.കെ. ശ്രീനിവാസ് (എഫ്.ആർ.ഒ തിരുവല്ല), ഒ. അബ്ദുൾ ജലീൽ (എഫ്.ആർ.ഒ നരിക്കുനി), എച്ച്. ഉമേഷ് (എഫ്.ആർ.ഒ കാസർകോട്), എം.കെ. സുജിൻ (എഫ്.ആർ.ഒ ചെങ്ങന്നൂർ), വി.എ. സുനിൽകുമാർ (സീനിയർ ക്ലാർക്ക്, റീജിയണൽ ഫയർ ഓഫീസ്, എറണാകുളം), സിവിൽ ഡിഫൻസ് വോളന്റിയർമാരായ ടി. ബിനു മിത്രൻ (കൊച്ചി ഗാന്ധിനഗർ), സി.ആർ. നജീമ (ആലപ്പുഴ), വി.പി. അഭിജിത്ത് (തിരുവനന്തപുരം), എസ്. അനുജിത്ത് (കൊട്ടാരക്കര), പി.കെ. സുരേഷ് (തളിപ്പറമ്പ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |