(എം.കെ.സാനു:1928-2025)
കൊച്ചി: സാഹിത്യ വിമർശനത്തിലും രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തിലും സ്നേഹഭാജനമായി വിളങ്ങിയ പ്രൊഫ. എം.കെ.സാനു നക്ഷത്രങ്ങളുടെ ലോകത്തേക്ക് മടങ്ങിപ്പോയി. സാഹിത്യലോകത്ത് സൗമ്യപ്രകാശമായി നിലകൊണ്ട അദ്ദേഹത്തിന് 97 വയസായിരുന്നു.
എറണാകുളം അമൃത ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 5.35നായിരുന്നു അന്ത്യം. ജൂലായ് 25 മുതൽ ചികിത്സയിലായിരുന്നു.
വീട്ടിൽ കാലിടറിവീണ് വലതുതുടയെല്ല് പൊട്ടിയതിനെത്തുടർന്ന് ശസ്ത്രക്രിയ ചെയ്തിരുന്നു. പിന്നീട് ശ്വാസതടസമുണ്ടായി. ഹൃദയമിടിപ്പും താളംതെറ്റിയതിനാൽ ഐ.സി.യുവിൽ തുടരുകയായിരുന്നു.
ഇന്നു രാവിലെ 9ന് ഭൗതികശരീരം എറണാകുളം കാരിക്കാമുറിയിലെ വീടായ 'സന്ധ്യ"യിൽ കൊണ്ടുവരും. 10 മണിമുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം. വൈകിട്ട് 5ന് രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
അദ്ധ്യാപകൻ,നിയമസഭ സാമാജികൻ, നിരൂപകൻ,ജീവചരിത്രകാരൻ, ചിന്തകൻ എന്നീ നിലകളിൽ ഖ്യാതി നേടിയ എം.കെ.സാനുവിന്റെ ജീവിതം ശ്രീനാരായണഗുരു ദർശനത്തിൽ അധിഷ്ഠിതമായിരുന്നു. കഴിഞ്ഞ ജൂൺ 21ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത 'തപസ്വിനി അമ്മ അബലകൾക്ക് ശരണമായി ജീവിച്ച പുണ്യവതി" എന്ന ജീവചരിത്രമാണ് അവസാനമെഴുതിയ പുസ്തകം.
സ്വാമി ആനന്ദതീർത്ഥരുടെ ജീവചരിത്രത്തിന്റെ പണിപ്പുരയിലായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളം എം.എ പാസായശേഷം 1955ൽ കൊല്ലം ശ്രീനാരായണ കോളേജിലും, 56ൽ എറണാകുളം മഹാരാജാസ് കോളേജിലും അദ്ധ്യാപകനായി. തലശേരി ബ്രണ്ണൻ കോളേജിലും നാട്ടകം ഗവ. കോളേജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1983ൽ സർവീസിൽ നിന്ന് വിരമിക്കുന്നതുവരെ മഹാരാജാസിൽ അദ്ധ്യാപകനായിരുന്നു.
എട്ടാം കേരള നിയമസഭയിൽ എറണാകുളത്തിന്റെ പ്രതിനിധിയായി. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, ആശാൻ പുരസ്കാരം, വയലാർ അവാർഡ്, പി. കേശവദേവ് പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നൂറോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1928 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിൽ മംഗലത്ത് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും ഏക മകനായാണ് ജനനം.
ഭാര്യ: പരേതയായ രത്നമ്മ (മുൻമന്ത്രി വൈക്കം മാധവന്റെ മകൾ). മക്കൾ: എം.എസ്. രഞ്ജിത്ത് (റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനിയർ, കൊച്ചിൻ പോർട്ട് ), എം.എസ്.രേഖ, ഡോ. എം.എസ്. ഗീത (കളമശേരി സെന്റ്പോൾസ് കോളേജ് ഹിന്ദി വിഭാഗം മുൻമേധാവി), എം.എസ്. സീത
(വനിത-ശിശു വികസനവകുപ്പ് ജീവനക്കാരി), എം.എസ്. ഹാരിസ് (എൻജിനിയർ, ദുബായ്). മരുമക്കൾ: സി.വി.മായ, സി.കെ. കൃഷ്ണൻ (റിട്ട. ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്), പി.വി. ജ്യോതി (കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ മുൻ സെക്രട്ടറി), ഡോ. പ്രശാന്ത് കുമാർ (കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം മുൻമേധാവി ), മിനി (ദുബായ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |