'' ഇതുവരെ കോൺഗ്രസിനകത്തെ കമ്മ്യൂണിസ്റ്റുകാരനായിരുന്നു, ഇനി കമ്മ്യൂണിസ്റ്റുകാർക്കിടയിലെ കോൺഗ്രസുകാരനായുണ്ടാകും"" സരിൻ അന്നുപറഞ്ഞത് ശരിയാണ്. അതുതന്നെയാണ് പാലക്കാട്ടെ ഇടതുസ്വതന്ത്രൻ ഡോ. പി.സരിൻ. എല്ലാവരെയും ഒരു ചെറുപുഞ്ചിരിയോടെ സ്വീകരിക്കുന്ന വ്യക്തിത്വം. പുഴപോലെ എല്ലായിടത്തും എല്ലാവരിലേക്കും ഒഴുകിയെത്തുന്നപ്രകൃതം. കൊച്ചുകുട്ടികൾക്ക് ഡോ. മാമനാണ് അദ്ദേഹം. മുതിർന്നവർക്ക് മകനും യുവാക്കൾക്ക് ചേട്ടനും അനിയനുമൊക്കെയാണ്. മാത്തൂർ ജനതയുടെ പതിരില്ലാത്ത നിഷ്കളങ്ക സ്നേഹം ഏറ്റുവാങ്ങി ജനഹൃദയങ്ങളിലേക്ക് ഓടിക്കയറുകയാണ് ഡോ. പി.സരിൻ.
ശരിയുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാൻ വെമ്പുന്നതാണ് പാലക്കാടിന്റെ ഹൃദയമെന്ന് വ്യക്തമാക്കുന്നതായിരുന്നു സരിന്റെ പൊതുപര്യടനത്തിന്റെ ആദ്യദിവസം. മന്ത്രി എം.ബി.രാജേഷിൽ നിന്ന് തന്റെ തിരഞ്ഞെടുപ്പ് അടയാളമായ സ്റ്റെതസ്‌കോപ്പ് സ്വീകരിച്ച് മന്ദംപുള്ളിയിൽ നിന്നാണ് അദ്ദേഹം ഇന്നലെ പര്യടനം ആരംഭിച്ചത്.
നിറപുഞ്ചിരികളുമായി മാത്തൂരിന്റെ ഇടവഴിയരികിൽ കാത്തുനിന്ന മുഖങ്ങൾ, മുദ്രാവാക്യങ്ങൾ കൊണ്ട് സ്വീകരണ കേന്ദ്രങ്ങളെ ആവേശമുഖരിതമാക്കി യുവത്വങ്ങൾ, ചിരിച്ചും ചേർന്ന് നിന്നും പാലക്കാട് ഒരുമിച്ച് പറയുന്നുണ്ട് പാലക്കാടിന്റെ ഇടനെഞ്ചിൽ സരിനുണ്ടെന്ന്.
രാവിലെ 8.45ന് മന്ദംപുള്ളിയിൽ നിന്ന് പര്യടനം ആരംഭിച്ചു. കേരളപ്പിറവി ദിനാശംസകൾക്കൊപ്പം ചുരുങ്ങിയ വാക്കുകളിലുള്ള വോട്ടഭ്യർത്ഥനയോടെയായിരുന്നു തുടക്കം. സ്വീകരണ കേന്ദ്രത്തിലെ ജനങ്ങളോട് കുശലം പറഞ്ഞും കുരുന്നുകളെ ചേർത്ത് നിറുത്തിയും ഷാളണിയിച്ചും നാടിന്റെ ആകുലതകൾ സകലതും കേട്ടും മാറ്റത്തിന്റെ പ്രതീക്ഷകൾ പങ്കുവച്ചും സ്വീകരണ കേന്ദ്രത്തിലേക്ക് അതിവേഹം ബഹുദൂരം ഓടിനടന്നു. ''തിരഞ്ഞെടുപ്പുകൾ ജനങ്ങൾ സത്യമാഘോഷിക്കുന്ന വേളകളാണ്. നിങ്ങൾ അവസരം തന്നാൽ പാലക്കാടിന്റെ സത്യമാവാൻ താൻ എന്നും കൂടെയുണ്ടാകും. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം പൂർത്തിയായി. യു.ഡി.എഫും- ബി.ജെ.പിയും വിവാദങ്ങൾ ഉയർത്താനുള്ള കാരണം മണ്ഡലത്തിലെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള നീക്കമായിരുന്നു. അത് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇടതുപക്ഷമാണ് ശരി. ഒന്നര വർഷത്തിൽ പാലക്കാട് ഇതുവരെ കാണാത്ത വികസനം സാദ്ധ്യമാക്കും"". സരിൻ ഉറപ്പ് നൽകി.
തന്റെ ചിഹ്നം സ്റ്റെതസ്കോപ്പാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു വോട്ടഭ്യർത്ഥന. പ്രായമായവരെ ഡോക്ടർമാർ ചെവിയിൽ വെയ്ക്കുന്ന കുഴൽ എന്നുകൂടി ഓർമ്മപ്പെടുത്തി. വോട്ടിംഗ് മെഷീനിൽ ഒമ്പതാം സ്ഥാനത്താണെന്നു കൂടി കൂട്ടിച്ചേർത്താണ് ഓരോ വേദിയും വിടുന്നത്.
മൂലോട്, പാറക്കൽ, ആനിക്കോട്, വെട്ടിക്കാട്, മന്ദത്തുപറമ്പ്, ആലാംതോട്, അമ്പാട്, ഉദയാർമന്ദം, നാരകപ്പറമ്പ്, പെരിങ്കിരങ്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.
ശേഷം പൊള്ളപ്പാടം, തേക്കിൻകാട്, കൂത്തുപറമ്പ്, കാടൻതൊടി, തണ്ണീരങ്കാട്, ചുങ്കമന്ദം, ചാത്തൻകാവ്, മേലേപ്പുര, കൊല്ലാട്, കാവ്, പൊടിക്കുളങ്ങര, പടിഞ്ഞാറേത്തറ എന്നിവിടങ്ങളിലേക്ക്. രാത്രി ഏഴരയോടെ തണ്ണീർപ്പന്തലിൽ സമാപിച്ചു. സമാപന പരിപാടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |