തൃശൂർ: ''ഒരു ദിവസം മകൻ അഖിൽ സത്യൻ ഒരു ഫോട്ടോ കാണിച്ചു. അമേരിക്കയിലുള്ള ഒരു പെൺകുട്ടിയുടെ വിവാഹച്ചടങ്ങിൽ, അവളുടെ അച്ഛന്റെ ഹൃദയം സ്വീകരിച്ചയാളുമൊത്തുള്ള ചിത്രം. എന്നിട്ട് അവൻ പറഞ്ഞു: ഇതിൽ ഒരു കഥയുണ്ട് അച്ഛാ...'' ഹൃദയം മാറ്റിവയ്ക്കൽ പ്രമേയമായ 'ഹൃദയപൂർവം' സിനിമാക്കഥയുടെ ആദ്യ 'ഹൃദയമിടിപ്പി'നെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞു. അതിനുശേഷം സത്യൻ അന്തിക്കാടും സംഘവും ഹൃദയം മാറ്റിവച്ച ഒരുപാടു പേരെ അന്വേഷിച്ചു. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവർ മാത്യുവായിരുന്നു ആദ്യം അദ്ദേഹത്തിന്റെ മനസിലെത്തിയത്. പിന്നീട്, ഞാൻ പ്രകാശൻ സിനിമയുടെ ഷൂട്ടിംഗിനായി കൊടുങ്ങല്ലൂരിലെ പുല്ലൂറ്റിലുള്ള ഹനീഫയെ ഓർത്തു. ഹൃദയവും ശ്വാസകോശവും മാറ്റിവച്ചയാളായിരുന്നു അദ്ദേഹം. കണ്ണൂരുളള വിഷ്ണു എന്ന ചെറുപ്പക്കാരൻ്റെ ഹൃദയം കോട്ടയത്തുളള യുവാവ് സ്വീകരിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം വിഷ്ണുവിൻ്റെ അമ്മ മരിച്ചപ്പോൾ ആ ചിതയ്ക്ക് തീ കൊളുത്തിയത് ഹൃദയം സ്വീകരിച്ച യുവാവായിരുന്നു. അങ്ങനെ കുറേ യഥാർത്ഥ ജീവിതകഥകളിൽ നിന്നാണ് ആ സിനിമ പിറന്നതെന്ന് സത്യൻ അന്തിക്കാട് ഓർക്കുന്നു.
ലാൽ ആ ജീവിതങ്ങളെ പ്രൊമോട്ട് ചെയ്തു
അവയവദാനം ഇന്ന് സ്വാഭാവികമായി മാറി. ആ സന്ദേശമാണ് മോഹൻലാൽ എന്ന നടനിലൂടെ പ്രൊമോട്ട് ചെയ്യാനായത്. പോസിറ്റീവായി ജനങ്ങൾ സിനിമയെ സ്വീകരിച്ചത്, കാലിക പ്രസക്തിയുള്ളതുകൊണ്ടാണ്. ഇന്നലെ കൊച്ചിയിൽ പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറവും അദ്ദേഹം ഹൃദയം മാറ്റിവച്ച പത്തുപേരും ചേർന്നുളള ഒരു കൂടിക്കാഴ്ചയുണ്ടായിരുന്നു. അതിൽ പങ്കെടുത്തപ്പോൾ ആ ജീവിതങ്ങൾ കൂടുതൽ സ്വാഭാവികമാണെന്ന് തോന്നി.
അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ചില സംഘടനകൾ ഇപ്പോഴും അനുമോദനവുമായി വിളിക്കുന്നു. ആ ചിത്രത്തിന്റെ പേര് കൂടുതൽ അന്വർത്ഥമാകുന്നു.
സത്യൻ അന്തിക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |