തിരുവനന്തപുരം: സാമൂഹ്യസുരക്ഷാപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവർക്ക് ഫെബ്രുവരി ഒന്നു മുതൽ ഇരുപത് വരെ മസ്റ്ററിംഗ് നടത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
2019 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും അനുവദിച്ചവരാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ഇവർ കഴിഞ്ഞ വർഷം തന്നെ മസ്റ്ററിംഗ് നടത്തണമായിരുന്നു. കൊവിഡ് മൂലം നിരവധി പേർ മസ്റ്ററിംഗ് നടത്താനുള്ളതിനാലാണ് വീണ്ടും അവസരം നൽകുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണിത് നടത്തേണ്ടത്. അക്ഷയകേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും. ചെലവ് സർക്കാരാണ് വഹിക്കുക. കിടപ്പ് രോഗികളായ പെൻഷൻകാരുടെ മസ്റ്ററിംഗ് വീട്ടിൽ ചെന്നാണ് നടത്തുക. ഇതിനായി സാമൂഹ്യസുരക്ഷാപെൻഷൻ വാങ്ങുന്ന കിടപ്പുരോഗികളുടെ ബന്ധുക്കൾ തദ്ദേശസ്ഥാപന സെക്രട്ടറിയേയും ക്ഷേമനിധി ബോർഡിന്റെ പെൻഷൻവാങ്ങുന്ന കിടപ്പുരോഗികളുടെ ബന്ധുക്കൾ ബോർഡ് ഉദ്യോഗസ്ഥരേയും അറിയിക്കണം. ബയോമെട്രിക് മസ്റ്ററിംഗിൽ പരാജയപ്പെടുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളോ, ക്ഷേമനിധി ബോർഡുകളോ മുഖേന ഫെബ്രുവരി 28വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്റർ ചെയ്തിട്ടില്ലാത്തവർ മാത്രമേ മസ്റ്റർ ചെയ്യേണ്ടതുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |