
തിരുവനന്തപുരം: തലസ്ഥാനത്തെ മാളിൽ എസ്.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കുകയും പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തുകയും ചെയ്തതിൽ സേനയിൽ അമർഷം. സംഭവത്തിൽ പൊലീസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ പിടികൂടുന്നതിൽ തുടക്കത്തിൽ വഞ്ചിയൂർ പൊലീസ് കാട്ടിയ അലംഭാവവും വിവാദമായി.
സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് ഇടപെട്ടതോടെയാണ് നടപടികൾ വേഗത്തിലായത്. എസ്.എഫ്.ഐ പ്രവർത്തകരായ പേട്ട സ്വദേശി വിനയ് പ്രകാശ് (23), സുർജിത് (19) എന്നിവരെ ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്തു. രണ്ടുപേരെ പിടികൂടാനുണ്ട്. ശനിയാഴ്ച വൈകിട്ട് മാൾ ഒഫ് ട്രാവൻകൂറിൽ സഹോദരിക്കൊപ്പമെത്തിയ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയിയെയാണ് നാലുപേർ പിന്തുടർന്ന് മർദ്ദിച്ചത്.
ശംഖുംമുഖത്ത് പുതുവത്സര ആഘോഷത്തിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മിഥുൻ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മിഥുൻ പ്രതിരോധിച്ചു. എന്നാൽ, എസ്.എഫ്.ഐക്കാരെ മർദ്ദിച്ചുവെന്ന പേരിൽ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത വഞ്ചിയൂർ പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ. ഇത് സമ്മർദ്ദം മൂലമെന്നാണ് ആക്ഷേപം. വിനയ് പ്രകാശിന്റെ പരാതിയിലാണ് മിഥുനെതിരെ കേസെടുത്തത്.
എസ്.എഫ്.ഐക്കാർതന്നെ ചിത്രീകരിച്ച് പുറത്തിവിട്ട വീഡിയോയിൽ പൊലീസുകാരനെ പിന്തുടർന്ന് പ്രകോപിപ്പിക്കുന്നതും മർദ്ദിക്കുന്നതും വ്യക്തമാണ്. അതേസമയം, മിഥുനെതിരെ പൊലീസ് കമ്മിഷണർക്ക് നേരത്തേ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് മിഥുൻ മാളിൽവച്ച് ഞങ്ങളെ മർദ്ദിക്കുകയായിരുന്നു എന്നാണ് വിനയ് പ്രകാശ് പൊലീസിൽ നൽകിയ പരാതിയിലുള്ളത്.
'പ്രബുദ്ധ കേരളത്തിന് അപമാനം'
പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനമാണെന്ന് പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ. സുധീർഖാൻ പറഞ്ഞു.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പ്രതികാരമായി ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കണം. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലാണ് ഇതൊക്കെ ചെയ്യുന്നത് എന്നതും ആശങ്കപ്പെടുത്തുന്നതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
''പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനുണ്ടായ സാഹചര്യം അന്വേഷിക്കും
കെ. കാർത്തിക്,
സിറ്റി പൊലീസ് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |