തിരുവനന്തപുരം: ഗവർണർക്കും വി.സിക്കുമെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ മൂന്നുമണിക്കൂറോളം കേരള സർവകലാശാല ആസ്ഥാനം യുദ്ധക്കളമായി. പൊലീസിന്റെ ബാരിക്കേഡും ഗേറ്റും ചാടിക്കടന്നും ഓഫീസിലെ കാവാടം തള്ളിതുറന്നും പ്രവർത്തകർ ഉള്ളിലേക്ക് ഇരച്ചുകയറി. ജനാലവഴി ഉൾപ്പെടെയാണ് നൂറുക്കണക്കിനു പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. വി.സിയുടെ ഓഫീസിന്റെ അടുത്തുവരെ പ്രവർത്തകരെത്തി.
തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തുംതള്ളുമായി. പൊലീസിന്റെ ലാത്തിയും ഷീൽഡും പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. പൊലീസിനെ നോക്കുകുത്തിയാക്കി പ്രവർത്തകർ കെട്ടിടം കൈയേറി. പ്രതിഷേധം വൻസംഘർഷത്തിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ പ്രതിഷേധം വൈകിട്ട് മൂന്നരവരെ തുടർന്നു. അതുവരെ ജീവനക്കാർ ഓഫീസിൽ കുടുങ്ങി.
പ്രവർത്തകർ വളപ്പിലേക്ക് കടക്കാതിരിക്കാൻ പൊലീസ് ഗേറ്റ് പൂട്ടി ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് ഉള്ളിൽ കടന്നത്. അതിനിടെ ഗേറ്റിന്റെ താഴ് കല്ലുകൊണ്ടിടിച്ച് തകർക്കാനും ശ്രമിച്ചു. അകത്തുകയറിയവരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. അതിനിടെ, കൂടുതൽ പ്രവർത്തകർ ഗേറ്റും മതിലും ചാടിക്കടന്ന് വളപ്പിൽ പ്രവേശിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ പ്രധാന കവാടം അടച്ച് പൊലീസ് നിലയുറപ്പിച്ചിരുന്നെങ്കിലും ഒരു മണിക്കൂറോളം നീണ്ട ഉന്തിനും തള്ളിനുമിടയിൽ വാതിൽ തള്ളിത്തുറന്നു. ഇരുവശങ്ങളിലൂടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് ഓടിക്കയറി. ഗ്രില്ല് തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് വശങ്ങളിലൂടെ സെനറ്റ് ഹാളിലേക്കും ചാടിക്കടന്നു.
താത്കാലിക വി.സി ഡോ.സിസാ തോമസ് ഓഫീസിലുണ്ടായിരുന്നില്ല. വി.സി രജിസ്ട്രാറുടെ ചുമതല നൽകിയ ഡോ.മിനി കാപ്പൻ സ്ഥലത്തുണ്ടായിരുന്നെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമരം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.ശിവപ്രസാദ് പറഞ്ഞു.
പിന്തുണയുമായി
എം.വി. ഗോവിന്ദനും
സമരക്കാരുടെ അടുത്തേക്ക് അഭിവാദ്യവുമായി രണ്ടുമണിയോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെത്തി. സർവകലാശാലകളിൽ ആർ.എസ്.എസ് തിട്ടൂരം നടപ്പാക്കാൻ അനുവദിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. വി.സി തെറ്രായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |