
ശിവഗിരി: അഷ്ട ലക്ഷ്യങ്ങളിൽ അറിവും ഗുരുകൃപയിൽ ആത്മവിശുദ്ധിയും പകർന്ന് 93-ാമത് ശിവഗിരി തീർത്ഥാടനകാലം ഇന്ന് പര്യവസാനിക്കും.
രാവിലെ 7.30ന് സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ മഹാസമാധിയിൽ സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ ആലാപനം 8 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക താഴ്ത്തും. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ 2028 വരെ നീണ്ടുനിൽക്കുന്ന ആഗോളതല പരിപാടികൾ, ഗുരുദേവ ശിഷ്യപ്രധാനിയായി ബോധാനന്ദസ്വാമിയെ അഭിഷേകം ചെയ്തതിന്റെ ശതാബ്‌ദിയുടെയും ഗുരുദേവ-മഹാത്മാഗാന്ധി സമാഗമശതാബ്‌ദിയുടെ സമാപനത്തിന്റെയും സത്യവ്രതസ്വാമികളുടെ സമാധിശതാബ്‌ദിയുടെയും ഗുരുദേവ-സ്വാമി ശ്രദ്ധാനന്ദജി സമാഗമശതാബ്‌ദിയുടെയും നിറവിലാണ് ഇത്തവണത്തെ ശിവഗിരി തീർത്ഥാടനം നടന്നത്.
ഡിസംബർ 15 മുതൽ ശിവഗിരിയിൽ തീർത്ഥാടന കാലം ആരംഭിച്ചിരുന്നു.
മഹാതീർത്ഥാടന ദിനങ്ങളായ ഡിസംബർ 30, 31, ജനുവരി 1 ദിനങ്ങളിൽ തീർത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ സാർവ്വകാലിക വിഷയങ്ങളെ ആസ്പദമാക്കി 15ഓളം സമ്മേളനങ്ങളും ശ്രീനാരയണ ദിവ്യസത്സംഗവും നടന്നു. അക്ഷരശ്ലോക സദസ്, ഗുരുദേവ കഥാമൃതം , മഹാ പ്രശ്നോത്തരി , ശ്രീനാരായണ കൽച്ചൂരി സംഗമം, പാരമ്പര്യ വൈദ്യ സംഗമം എന്നിവ ഉൾപ്പെടെ വിവിധ പരിപാടികളും കലാപരിപാടികളും അരങ്ങേറി . സമ്മേളനങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികൾ പ്രഭാഷണങ്ങൾ നടത്തി. ശ്രീനാരായണ ദിവ്യസത്സംഗവും മാദ്ധ്യമ സമ്മേളനവും തമിഴ് -കന്നട ഉൾപ്പെടെയുള്ള ശ്രീനാരായണ പ്രസ്ഥാന സംഗമവും സാഹിത്യസമ്മേളനവും ശ്രദ്ധേയമായി.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരാൽ സമ്പന്നമായിരുന്നു സമ്മേളനവേദികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |