
ശിവഗിരി: പവിത്രമായ ശിവഗിരി മഹാസമാധി സന്നിധിയിൽ പതിറ്റാണ്ടുകളായി ആയിരങ്ങൾക്ക് തണലും ആശ്വാസവുമേകുന്ന മുത്തശ്ശി പ്ലാവിന് വൃക്ഷായുർവേദ ചികിത്സ നൽകി. ശ്രീനാരായണ ഗുരുദേവൻ നട്ട് പരിപാലിച്ചതാണ് ഗുരുദേവ മഹാസമാധി മന്ദിരത്തിന്റെ ഓരംചേർന്നുനിൽക്കുന്ന മുത്തശ്ശി പ്ലാവ്. 122 വർഷം പഴക്കവും നല്ല കായ്ഫലമുണ്ടായിരുന്ന പ്ലാവിന്റെ ശിഖരങ്ങൾക്ക് ഉണക്ക് ബാധിച്ചതോടെയാണ് ദീർഘകാല സംരക്ഷണം ഉറപ്പുവരുത്താൻ സുഖചികിത്സ നടത്തിയതെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു വൃക്ഷായുർവേദ ചികിത്സ നൽകിയത്. ഗുരുസ്മരണയോടെയും പ്രത്യേക പ്രാർത്ഥനയോടെയുമാണ് ചികിത്സ തുടങ്ങിയത്. സ്വാമി ശുഭാംഗാനന്ദ മുത്തശ്ശി പ്ലാവിൽ മരുന്ന് പുരട്ടി ചികിത്സയ്ക്ക് തുടക്കം കുറിച്ചു. മാനവസമൂഹത്തെ സ്നേഹിച്ചതു പോലെ പ്രകൃതിയെയും സംരക്ഷിക്കുകയാണ് ഗുരുദേവൻ ചെയ്തതെന്നും മനുഷ്യന്റെ ആരോഗ്യത്തിന് എന്നപോലെ വൃക്ഷങ്ങൾക്കും ചികിത്സയുണ്ടെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.
ഗോപകുമാർ കങ്ങഴ, അഖിലേഷ് വാഴൂർ, ഹരീഷ് ശാസ്താംകാവ്, സുധീഷ് വി.ജി, സാബു ആലപ്പുഴ, രാജേഷ് എം.ജി, സുനിൽ സാവിൻജി എന്നിവർ ചികിത്സയിൽ സഹായികളായി. കോട്ടയം പാലാ കരുണ ആശുപത്രി ഉടമ ഡോ. സതീഷ് ബാബുവാണ് വഴിപാടായി ചികിത്സാചെലവ് വഹിച്ചത്. കാഞ്ഞിരപ്പള്ളിയിലെ ഷാജുകുമാർ, ഭാര്യ ഷീല ടീച്ചർ എന്നിവരാണ് മഹാസമാധിയിലെ പ്ലാവിന്റെ വിവരം ഡോ. സതീഷ് ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
14ലധികം ഔഷധക്കൂട്ടുകൾ
പാടത്തെ മണ്ണ്, ചെളി, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽപ്പുറ്റ്, വിഴാലരി, പശുവിൻ പാൽ, ചാണകം, എള്ള്, ചെറുതേൻ, നെയ്യ്, കദളിപ്പഴം, ശർക്കര, രാമച്ചപ്പൊടി എന്നിവ ചേർത്ത് പതിനാലിലധികം ഔഷധക്കൂട്ടുകൾ കുഴച്ച് മുത്തശ്ശി പ്ലാവിൽ തേച്ചുപിടിപ്പിച്ചായിരുന്നു ചികിത്സ. പ്ലാവിന്റെ തടിയിൽ മണ്ണ് കുഴച്ചുപൊത്തിയശേഷം തുണി കൊണ്ട് ചുറ്റിക്കെട്ടി. ജൈവമിശ്രിതം വൃക്ഷച്ചുവട്ടിൽ തളിച്ചു. തടിയിൽ പാൽ സ്‌പ്രേ ചെയ്തു. കഴിഞ്ഞദിവസം ശിവഗിരി മഠത്തിൽ എത്തിച്ചേർന്ന ഭക്തർക്കും പ്ലാവിൽ മരുന്നു പുരട്ടാനുള്ള നിയോഗം ലഭിച്ചു.
ഗുരുദേവ കരസ്പർശമേറ്റപ്ലാവിന് ചികിത്സ നല്കുന്നത് ധന്യം
ശിവഗിരി: ജീവിതത്തിലെ ധന്യ നിമിഷമാണിത് ... ഗുരുദേവന്റെ കരസ്പർശമേറ്റ മൂന്നാമത്തെ പ്ലാവിനും ചികിത്സ നല്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനു പറഞ്ഞു. ഗുരുദേവന്റെ ജന്മഗൃഹം ചെമ്പഴന്തിയിൽ ഗുരുകുലം ഓഫീസിന്റെ മുന്നിൽ നിലകൊള്ളുന്ന മുത്തശിപ്ലാവിനും, ശ്രീനാരായണ ധർമ്മസംഘത്തിന് രൂപം നല്കിയ തൃശൂർ കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ പ്ലാവിനും ബിനുവിന്റെ നേതൃത്വത്തിൽ ചികിത്സ നല്കിയിരുന്നു.
പ്ലാവ് കഴുകി വൃത്തിയാക്കിയ ശേഷം വിഴാലരിയും അരിപ്പൊടിയും ചേർത്ത മിശ്രിതം തേച്ചുപിടിപ്പിച്ച ശേഷമാണ് മരുന്നുകൂട്ട് പ്രയോഗിക്കുന്നത്. ഓരോ രോഗത്തിനും പ്രത്യേകം മരുന്നുകൂട്ടുകളാണ്.ഓരോ വൃക്ഷത്തിന്റെയും ആരോഗ്യപ്രശ്നങ്ങൾ മനസിലാക്കിയാണ് ചികിത്സ. ഇതുവരെ 221വൃക്ഷങ്ങൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. ഇതിൽ 198 പ്ലാവുകളും പൂർണആരോഗ്യത്തോടെ ഇന്നും നിലനിൽക്കുന്നു. 85വർഷം മുതൽ 100വർഷം വരെയാണ് നാട്ടുപ്ലാവിന്റെ ആയുസ്. പ്രായമേറും തോറും മനുഷ്യനെപ്പോലെ തന്നെ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ വൃക്ഷങ്ങൾക്കും സംഭവിക്കുന്നു. വിധിയാംവണ്ണം ചികിത്സ നൽകി 6 മാസം കഴിയുമ്പോൾ മരം പൂർണ ആരോഗ്യനിലയിൽ എത്തിച്ചേരും. എല്ലാ ചികിത്സകളും ഡോക്യുമെന്റ് ചെയ്ത് 6 മാസത്തിൽ ഒരിക്കൽ വീണ്ടും വിലയിരുത്തിയുള്ള സമീപനമാണ് സ്വീകരിച്ചു വരുന്നത്. നൂറ് വർഷങ്ങൾക്ക് മുൻപ് കേരളത്തിലും ഭാരതത്തിലും ഉണ്ടായിരുന്ന വൃക്ഷായുർവേദരീതിയെ തിരികെ കൊണ്ട് വരികയെന്നതാണ് തന്റെ ദൗത്യമെന്നും കെ.ബിനു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |