
തിരുവനന്തപുരം:സംസ്ഥാനത്തെ നൈപുണ്യ പരിശീലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു.മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്യുന്നതിനായുള്ള നയം രൂപീകരിച്ചതായി മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ആദ്യഘട്ടത്തിൽ 200 സ്ഥാപനങ്ങൾക്കാണ് നൽകുന്നത്.
സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ മുഖ്യ ഏകോപന കേന്ദ്രമായി കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസിനെ (കെയ്‌സ്) മാറ്റും.25 കർമ്മപദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.സ്ഥാപനങ്ങളിലെ കോഴ്‌സുകളും സർട്ടിഫിക്കറ്റുകളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനായി 'സ്റ്റേറ്റ് ക്വാളിറ്റി സെൽ' രൂപീകരിക്കും.കൃത്യമായ പരിശീലനം ലഭിക്കാത്തവർ വിദേശത്ത് തൊഴിൽ നേടുന്നത് കേരളത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്.ഷാനവാസ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ആദ്യ ഗുണമേന്മ മുദ്ര
നൈപുണ്യ പരിശീലന രംഗത്ത് മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്ക് രാജ്യത്താദ്യമായി സംസ്ഥാന സർക്കാർ 'ഗുണമേന്മ മുദ്ര' നൽകും.പരിശീലന രംഗത്തെ ഏകജാലക സംവിധാനമായി 'സ്‌കിൽ സെക്രട്ടേറിയറ്റ്' പ്രവർത്തിക്കും.കൂടാതെ,ജനകീയ ആസൂത്രണ മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികേന്ദ്രീകൃത നൈപുണ്യ വികസന പദ്ധതിയും നടപ്പിലാക്കും.
മറ്റു പ്രധാന പദ്ധതികൾ
തിരുവനന്തപുരത്ത് സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ സ്ഥാപിക്കും
കൊച്ചിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോ ആൻഡ് റെയിൽ ടെക്‌നോളജി സ്ഥാപിക്കും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ് രണ്ടു മാസത്തിനുള്ളിൽ കൊച്ചിയിൽ പ്രവർത്തനം തുടങ്ങും
കൊട്ടാരക്കരയിൽ ഇന്നൊവേഷൻ ആൻഡ് റിസർച്ച് പാർക്ക്
എല്ലാ നിയസഭാ മണ്ഡലങ്ങളിലും മനുഷ്യ വിഭവശേഷി സർവേ നടത്തും. മാതൃകാ പഠനം16-ന് നേമത്ത് ആരംഭിക്കും
വിദേശ തൊഴിൽ ചൂഷണം തടയാൻ കെയ്‌സ് നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തും. ഇതിനുള്ള ലൈസൻസ് ഈ മാസം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |