
തിരുവനന്തപുരം: രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ തുറന്നടിച്ച് ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മൂന്നു മുന്നണികളും തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. വീണ്ടും പഴയ ദുഃസ്ഥിതിയിലേക്ക് ബോധപൂർവം ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നു. കണ്ടുമടുത്തിട്ടാണ് ശിവഗിരി മഠത്തിന് ഇതുപറയേണ്ടി വരുന്നതെന്നും സ്വാമി കേരളകൗമുദിയോട് പറഞ്ഞു.
നൽകിയെന്നു പറയാനായി വിജയ സാദ്ധ്യതയില്ലാത്ത സീറ്റുകൾ നൽകുന്നു. കെ.കരുണാകരനും എ.കെ.ആന്റണിയും നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് കോൺഗ്രസ് മതിയായ പ്രാതിനിദ്ധ്യം നൽകിയിരുന്നു. കോൺഗ്രസിൽ ആർ.ശങ്കറിനുശേഷം ഇഴവ സമുദായത്തിൽ നിന്ന് മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. സംഘടിതരായ ചിലർ പിന്നാക്ക സമുദായത്തെ ഒഴിവാക്കി അധികാരം കുത്തകയാക്കി. ചോരയും നീരും നൽകി കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയത് ഈഴവ സമുദായവും മറ്റു പിന്നാക്ക വിഭാഗങ്ങളുമായിരുന്നു. പ്രസ്ഥാനത്തെ വളർത്തിയവർ ഇപ്പോൾ തഴയപ്പെടുന്നു. ഈഴവർ, വിശ്വകർമ്മജർ, ധീവരർ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള വാതിൽ അടച്ചിട്ടിരിക്കുന്നു. ബി.ജെ.പി നേതൃത്വത്തിൽ രണ്ടോ മൂന്നോ പേർ ഒഴികെ എല്ലാവരും സവർണരാണ്. നിർണായക തീരുമാനമെല്ലാം ഇവരാണ് എടുക്കുന്നത്.
ക്രിസ്ത്യൻ സമുദായത്തിനുവേണ്ടി ബിഷപ്പുമാർ ഇടപെടും. മുസ്ലിം സമുദായത്തിലും സമാന സ്ഥിതിയാണ്. ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ രാഷ്ട്രീയ പാർട്ടികളിൽ നേതാക്കളില്ല. സമുദായത്തിൽ നിന്നുവന്ന നേതാക്കളാകട്ടെ പ്രതിച്ഛായ സൃഷ്ടിക്കുന്ന ശ്രമത്തിലാണ്. ശിവഗിരി മഠം രാഷ്ട്രീയത്തിൽ ഇടപെടുകയല്ല. രാഷ്ട്രീയം സാമൂഹ്യ നീതിയുടെ ഭാഗമാണ്. സാമൂഹ്യ നീതിക്കും തുല്യനീതിക്കും വേണ്ടിയാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. സാമൂഹ്യനീതി ലഭിക്കുന്നില്ലെങ്കിൽ അതേക്കുറിച്ച് സംസാരിക്കേണ്ടി വരും. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പറ്റിയ മണ്ഡലങ്ങൾ നൽകണം. പിന്നാക്ക വിഭാഗങ്ങൾ കൂടുതലുള്ളിടത്ത് ആ സമുദായത്തിന് പ്രാധാന്യം നൽകണം.
ശ്രീനാരായണ ധർമ്മം ഭൗതികമായ പുരോഗതി കൂടിയാണ്. ഇതു സംരക്ഷിക്കുന്നതിന് ശിവഗിരി പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ രംഗത്തും പുരോഗതിയുണ്ടാകണം. സന്യാസിമാർ ഇടപെടാമോ എന്ന ചോദ്യം ഉയരാം. ഗുരു അന്യർക്ക് ഗുണം ചെയ്യാൻ ആയുസും വപുസും ബലിയർപ്പിച്ചയാളാണ്. താഴെത്തട്ടിലുള്ളവരുടെ കൈപിടിച്ച് സമൂഹ മദ്ധ്യത്തിലേക്ക് ഇറങ്ങിവന്നു പ്രവർത്തിച്ചു. ഗുരു ഇതിന് തയ്യാറായില്ലെങ്കിൽ പിന്നാക്കക്കാർ ഭ്രാന്താലയത്തിൽ കഴിയേണ്ടിവരുമായിരുന്നു. കെ.ആർ.നാരായണനെ മത്സരിപ്പിക്കാൻ സംവരണ മണ്ഡലം തേടിപ്പോയ മാനസിക അവസ്ഥയിലാണ് ഇപ്പോഴും രാഷ്ട്രീയ നേതൃത്വമെന്നും സ്വാമി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |