
തൃശ്ശൂർ: നമ്മുടെ സ്വന്തം കൈപ്പടയിലും കൈവയ്ക്കുകയാണ് യന്തിരൻ. അപരനാണെന്ന് തിരിച്ചറിയാൻ ആർക്കും കഴിയില്ല. അദ്ധ്യാപകർ തന്നുവിടുന്ന ഹോം വർക്ക് വീട്ടിലെത്തി യന്തിരന് കൈമാറിയാൽ മതി. എന്താണോ പകർത്തേണ്ടത് അത് കൊടുക്കേണ്ട താമസം. പിന്നെ എഴുതാൻ പേനയും പേപ്പറും. പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക്
അസൈൻമെന്റുകളും റെക്കാഡുകളും എഴുതാൻ യന്തിരൻ മതിയാകും.
ചെറുതുരുത്തി നെടുമ്പുര പടിഞ്ഞാറേക്കര പി.ആർ. ദേവദത്തും കോഴിക്കോട് കോട്ടൂളി സ്വദേശി സിദ്ധാർത്ഥ് പുനത്തിലുമാണ് ഇതിനു പിന്നിൽ.ദേവദത്ത്
ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളേജിലെ റോബോട്ടിക്‌സ് ഓട്ടോമേഷൻ വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. ഇതേ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയിരുന്നു സിദ്ധാർത്ഥ് പുനത്തിൽ.
സ്വന്തം ഹോംവർക്കുകളും അസൈൻമെന്റുകളുംതയ്യാറാക്കിയായിരുന്നു ദേവദത്തിന്റെ പരീക്ഷണം. ആദ്യം അദ്ധ്യാപകർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
പ്രോജക്ടുകൾ പെട്ടെന്ന് തയ്യാറാക്കുകയെന്നതായിരുന്നു ലക്ഷ്യം. ത്രീഡി പ്രിന്റർ ഉൾപ്പെടെ പരീക്ഷിച്ചെങ്കിലും ഗുണം കുറവായിരുന്നു. ഒടുവിൽ കഴിഞ്ഞ നവംബറിൽ വിജയത്തിലെത്തി. 'ഹോം വർക്ക് മെഷീൻ" എന്ന പേരും നൽകി.
പ്രവർത്തനം ഇങ്ങനെ
1.ചിത്രങ്ങൾ വരയ്ക്കാനുപയോഗിക്കുന്ന ഗ്രാഫിക് ടാബ്‌ലറ്റിൽ എ മുതൽ ഇസഡ് വരെ ക്യാപ്പിറ്റൽ- സ്‌മോൾ ലെറ്ററുകൾ എഴുതുകയാണ് ആദ്യപടി. കൂട്ടക്ഷരമാണ് വേണ്ടതെങ്കിൽ ആ രീതിയിൽ ഓരോ അക്ഷരവും എഴുതണം. ഈ 'കൈപ്പട" സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മെഷീനിൽ ശേഖരിക്കും. ഇത് ഒരിക്കൽ ചെയ്താൽ മതി.പിന്നീട് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ പാഠഭാഗം ടെക്സ്റ്റ് ഫോർമാറ്റിൽ നിന്ന് പി.ഡി.എഫ് ഫോർമാറ്റിലേക്ക് മാറ്റി യന്ത്രത്തിന് നൽകും.
2. മെഷീനിൽ ബാൾ പോയിന്റ് പേന ഘടിപ്പിച്ച് പ്രവർത്തിപ്പിക്കും. എഴുതുന്ന പോലെ 'പ്രിന്റ്" ചെയ്യും. ഏതാണ്ട് ഡോട്ട്‌മാട്രിക്‌സ് പ്രിന്ററിന്റെ പ്രവർത്തനം പോലെ. ഇംഗ്ലീഷ് മാത്രമേ ഇപ്പോൾ വഴങ്ങൂ. മലയാളമടക്കം മറ്റു ഭാഷകളുടെ കൈയെഴുത്തിനുള്ള സോഫ്റ്റ്‌വെയറിന്റെ പണിപ്പുരയിലാണ്. ഹാർഡ് വെയർ പി.ആർ. ദേവദത്തും സോഫ്‌റ്റ്‌വെയർ സിദ്ധാർത്ഥുമാണ് നിർമ്മിച്ചത്.
''നിരവധി വിദ്യാർത്ഥികൾ തേടിയെത്തിയതോടെ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുകയാണ് ലക്ഷ്യം. സെക്കൻഡ് വേർഷൻ പുറത്തിറക്കാനുളള ശ്രമത്തിലാണ്. വില്പനയ്ക്കെത്തുക അതായിരിക്കും.
- ദേവദത്ത്
നിർമ്മാണച്ചെലവ്:
ഏകദേശം 20,000 രൂപ
ഫുൾസ്‌കാപ്പിൽ
എഴുതാൻ:
3 മിനിട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |