ഇടുക്കി: മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു. ആനയിറങ്കൽ- ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏലക്കൃഷി നടത്തിയതാണ് ഒഴിപ്പിക്കുന്നത്. ചിന്നക്കനാലിൽ അഞ്ച് ഏക്കർ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചു. തഹസിൽദാറുടെ നേതൃത്വത്തിലെത്തിയ സംഘം അതിരാവിലെയാണ് ഒഴിപ്പിക്കൽ നടപടിയാരംഭിച്ചത്.
ജില്ലാ കളക്‌ടർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉൾപ്പെട്ട സ്ഥലത്തെ ഏലത്തോട്ടമാണ് ഒഴിപ്പിച്ചത്. പ്രദേശത്തെ കെട്ടിടങ്ങൾ സീൽ ചെയ്യുകയും ഒഴിപ്പിച്ച സ്ഥലത്ത് സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ, കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ചെറുകിട കുടിയേറ്റക്കാർക്കും ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
അതേസമയം, റവന്യൂ വകുപ്പിന്റെ കുടിയേറ്റം ഒഴിപ്പിക്കൽ നടപടിയെ എം എം മണി എംഎൽഎ വിമർശിച്ചു. 'മൂന്നാറിലേയ്ക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുത്. മൂന്നാറിൽ ന്യായമായ ഭൂമി കൈവശംവച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുത്. കയ്യേറ്റം ഒഴിയാൻ നോട്ടീസ് കിട്ടിയവർ അവരുടെ ഭൂമി നിയമപരമാണെങ്കിൽ കോടതിയിൽ പോകണമായിരുന്നു. ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുൻപ് റദ്ദാക്കിയ പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതെയുള്ള നടപടികൾ ശുദ്ധ അസംബന്ധമാണ്'- മണി പറഞ്ഞു.
വൻകിട കയ്യേറ്റങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണും. അഞ്ച് സെന്റിൽ കുറവ് ഭൂമിയുള്ളവരെ ഒഴിപ്പിക്കുന്നതല്ല സർക്കാരിന്റെ ലക്ഷ്യം. മൂന്നാർ ദൗത്യത്തിൽ സംസ്ഥാനത്തിന് മുന്നിൽ മുൻ മാതൃകകൾ ഇല്ല. ജെ സി ബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖമുദ്ര എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ദൗത്യം എന്നത് സിനിമാറ്റിക് ആക്ഷനായി കാണേണ്ടതില്ല. ഹൈക്കോടതി വിധിയാണ് സർക്കാർ നടപ്പാക്കുന്നത്. രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |