ഇടുക്കി: വയനാട് മേഖലയിൽ കടുവകളുടെ എണ്ണം വലിയ തോതിൽ കുറയുമ്പോൾ പെരിയാർ കടുവ സങ്കേതത്തിൽ കൂടുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ പത്തോളം കടുവകൾ കൂടി. നിലവിൽ 40- 45 കടുവകളാണ് സങ്കേതത്തിലുള്ളത്. നാല് വർഷം മുമ്പിത് 35 ആയിരുന്നു.
പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുടർച്ചയായ മൂന്നാം വട്ടവും രാജ്യത്തെ മികച്ച കടുവാ സങ്കേതത്തിനുള്ള ദേശീയ അവാർഡ് തേക്കടി പെരിയാർ സങ്കേതത്തിനാണ്. മദ്ധ്യപ്രദേശിലെ സത്പുര ടൈഗർ റിസർവ്, കർണാടകയിലെ ബന്ദിപ്പൂർ എന്നിവയെ പിന്തള്ളിയാണ് പെരിയാർ ഒന്നാമതെത്തിയത്. മാനേജ്മെന്റ് ഇഫക്ടീവ് ഇവാലുവേഷനിൽ (എം.ഇ.ഇ) 94.38 ശതമാനം സ്കോറാണ് പെരിയാർ നേടിയത്.
1978ലാണ് കടുവ സംരക്ഷിത പ്രദേശമായി പെരിയാർ സങ്കേതം പ്രഖ്യാപിച്ചത്. കടുവകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 50 പ്രദേശങ്ങളിലൊന്നാണിത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 777.54 ച.കി.മീ വിസ്തൃതിയുള്ള സങ്കേതം ആന സംരക്ഷണ പദ്ധതി പ്രദേശം കൂടിയാണ്.
ശബരിമലയും രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്നു കരുതുന്ന മംഗളാദേവി ക്ഷേത്രവും പെരിയാർ കടുവ സങ്കേത പരിധിക്കുള്ളിലാണ്.
പെരിയാർ ടൈഗർ റിസർവ്
കടുവകൾ 40- 45
62 തരം സസ്തനികൾ
45 തരം ഉരഗങ്ങൾ
326 ഇനം പക്ഷികൾ
കടുവ@ 310 കിലോ
മുതിർന്ന ആൺകടുവയ്ക്ക് 310 ഭാരമുണ്ടാകും. പെൺകടുവകൾക്ക് പരമാവധി 170 കിലോ വരെ. പിറന്ന് രണ്ടു വർഷത്തോളം കുഞ്ഞ് അമ്മയുടെ കൂടെ നടക്കും. പിന്നെ അകന്നു താമസിക്കാൻ തുടങ്ങും.
ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് തുടർച്ചയായ പുരസ്കാരത്തിന് അർഹമാക്കുന്നത്.
-പി.ജെ. സുഹൈബ് (അസി. ഫീൽഡ് ഡയറക്ടർ, പെരിയാർ ടൈഗർ റിസർവ്)
അവാർഡ് നൽകുന്നത്
വനസംരക്ഷണത്തിലെ സാങ്കേതികവിദ്യാ ഉപയോഗം
കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ
ജനപങ്കാളിത്തതോടെയുള്ള വനസംരക്ഷണം
വനം വന്യജീവി ഗവേഷണം
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, തീർത്ഥാടന സൗകര്യം
ആദിവാസികളുടെ ഉന്നമനത്തിന് നൽകുന്ന പിന്തുണ
പരിസ്ഥിതിദിനാഘോഷങ്ങളിലൂടെ പ്രകൃതി സംരക്ഷണം
വയനാട്ടിൽ കടുവകളുടെ എണ്ണംകുറയുന്നതിൽ ആശങ്ക
പ്രദീപ് മാനന്തവാടി
കൽപ്പറ്റ: കടുവകൾ നാട്ടിലിറങ്ങി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നതായുള്ള വിവരങ്ങൾ പുറത്തു വരവേ, പശ്ചിമ ഘട്ടത്തിലെ നാഗർഹോള,വയനാട്,ബന്ദിപ്പൂർ,മുതുമല,സത്യമംഗലം,ബി.ആർ.ടി ഹിൽസ് എന്നിവ ഉൾപ്പെടുന്ന നീലഗിരി ജൈവ മണ്ഡലത്തിൽ കടുവകളുടെ എണ്ണം നന്നേ കുറഞ്ഞെന്ന് സെൻസസ് റിപ്പോർട്ട്. നീലഗിരി ജൈവ മണ്ഡലത്തിലും അതിന്റെ ഭാഗമായ വയനാട്ടിലും ഇതെങ്ങനെ സംഭവിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നു. വയനാട്ടിലെങ്ങും കടുവകളുടെ ശല്യം വർദ്ധിച്ച സ്ഥിതിക്ക് സെൻസസ് റിപ്പോർട്ടിൽ വൻ വർദ്ധനവാണ് അധികൃതർ പ്രതീക്ഷിച്ചിരുന്നത്.
തമിഴ്നാട്,കർണാടക വനാതിർത്തികളോട് ചേർന്നുകിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിൽ 157കടുവകൾ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മൈസുരുവിൽ പുറത്തുവിട്ട റിപ്പോർട്ടിൽ വയനാട്ടിൽ കടുവകളുടെ എണ്ണം കുറഞ്ഞതായാണ് കാണിക്കുന്നത്. പശ്ചിമഘട്ടത്തിൽ തന്നെ വയനാട്ടിലാണ് കടുവകളുടെ എണ്ണം നന്നേ കുറവുളളതായി കാണുന്നത്.ബന്ദിപ്പൂർ,മുതുമല,നാഗർഹോള വന്യജീവി സങ്കേതങ്ങളിൽ നിന്നാണ് വയനാട്ടിലേക്ക് കടുവകൾ ഏറെയും എത്തുന്നത്.നിർമ്മിത ബുദ്ധി കാമറകളുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ ശാസ്ത്രീയമായാണ് ഇപ്പോഴത്തെ കണക്കെടുപ്പ് നടത്തിയത്. 2002ലെ സെൻസസ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ 71 കടുവകളാണ് ഉണ്ടായിരുന്നത്.2018ൽ വയനാട്ടിൽ മാത്രം 120 കടുവകൾ എന്ന നിലയിലായി.പിന്നീട് നടന്ന സെൻസസിൽ 157 ആയി ഉയർന്നു.
ചുള്ളിയോട് തൊവരിമലയിൽ
കടുവ കൂട്ടിലായി
പ്രദീപ് മാനന്തവാടി
കൽപ്പറ്റ: വയനാട്ടിലെ തൊവരിമല എസ്റ്റേറ്റിനുള്ളിൽ കടുവ കൂട്ടിൽ കുടുങ്ങി. തൊവരിമല എസ്റ്റേറ്റിലെ പത്താം നമ്പറിൽ വനം വകുപ്പ് കഴിഞ്ഞ ജനുവരിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വന മേഖലയോട് ചേർന്ന പ്രദേശമാണിത്. ഒന്നര വയസ് പ്രായം തോന്നിക്കുന്ന പെൺ കടുവയാണ് പിടിയിലായത്. മാസങ്ങൾക്ക് മുൻപ് പൊന്മുടിക്കോട്ടയ്ക്ക് സമീപം വനം വകുപ്പ് കൂടുവച്ച് പിടികൂടിയ പെൺ കടുവയുടെ കുട്ടിയാണിത്. നേരത്തെ ഈ കടുവയുടെ മറ്റൊരു കുട്ടിയെ പാടിപ്പറമ്പിലെ സ്വകാര്യ തോട്ടത്തിൽ കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കൂട്ടിൽ കുടുങ്ങിയ കടുവയ്ക്ക് പരിക്കുകളൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |