കോഴിക്കോട്: അച്ഛന്റെ ഓർമ്മകളെ നെഞ്ചോടുചേർത്ത് അഭിനന്ദ് പുതുജീവിതത്തിലേക്ക്. രാവിലെ വീട്ടിൽ നിന്ന് ചങ്ങാതിമാർക്കും ബന്ധുക്കൾക്കൊക്കുമൊപ്പം പടിയിറങ്ങുമ്പോൾ മുറ്റത്ത് വിരൽചൂണ്ടി ചന്ദ്രശേഖരനുണ്ടായിരുന്നു. ജീവൻ തുടിക്കുന്ന അദ്ദേഹത്തിന്റെ പ്രതിമ. അച്ഛനെ വണങ്ങി കതിർ മണ്ഡപത്തിലേക്ക് വണ്ടികയറുമ്പോൾ ഉള്ളിൽ ഓർമ്മകളുടെ കടലിരമ്പം.
ആർ.എം.പി നേതാവും രക്തസാക്ഷിയുമായ ടി.പി.ചന്ദ്രശേഖരന്റേയും കെ.കെ.രമ എം.എൽ.എയുടേയും മകൻ അഭിനന്ദിന്റെ വിവാഹമായിരുന്നു ഇന്നലെ. 51 വെട്ടിൽ ടി.പിയെന്ന പോരാളിയെ അക്രമികൾ വകവരുത്തിയ വടകര വെള്ളിക്കുളങ്ങരയ്ക്കടുത്തെ വള്ളിക്കാട്ടെ ചോരപൊടിഞ്ഞ മണ്ണിന് 200മീറ്ററിനുള്ളിലായിരുന്നു വിവാഹവേദി. ചടങ്ങിലുടനീളം ടി.പിയുടെ ഓർമ്മകൾ നിറഞ്ഞുനിന്നു. കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും കുടുംബവും സുഹൃത്തുക്കളുമടക്കം ആയിരങ്ങൾ പങ്കെടുത്തു.
2012 മേയ് നാലിന് ടി.പി കൊല്ലപ്പെടുമ്പോൾ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു അഭിനന്ദ്. ഇപ്പോൾ മുംബയിൽ ജെ.എസ്.ഡബ്ലിയുവിൽ എൻജിനിയറാണ്. വധു ചാത്തമംഗലം വട്ടോളിയിലെ റിയ ഹരീന്ദ്രന് കോഴിക്കോട്ട് ഗോദറേജ് കമ്പനിയിൽ ഫിനാൻസിലാണ് ജോലി. വിവാഹക്ഷണക്കത്ത് തയ്യാറാക്കിയപ്പോൾ കേരളം രമയോട് ചോദിച്ചത് സി.പി.എം നേതാക്കളെ വിളിക്കുന്നുണ്ടോയെന്നാണ്. ടി.പി.യെ സ്‌നേഹിക്കുന്നവരെയെല്ലാം വിളിക്കുന്നുണ്ടെന്നും പൊറുക്കാൻപറ്റാത്ത ചിലരെമാത്രം ഒഴിവാക്കുമെന്നുമായിരുന്നു മറുപടി. സ്പീക്കർ എ.എൻ.ഷംസീർ, സി.പി.എം എം.എൽ.എ യു.പ്രതിഭ, ടി.പിയുടെ പ്രിയസുഹൃത്തും സി.പി.എം മുൻ എം.പിയുമായ സുരേഷ്‌കുറുപ്പും കുടുംബവും ചടങ്ങിനെത്തിയിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും മറ്റും ക്ഷണിച്ചിരുന്നെങ്കിലും കൊച്ചിയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിനാൽ സംസ്ഥാന നേതാക്കൾക്ക് പങ്കെടുക്കാനായില്ല. നേതാക്കൾ പങ്കെടുക്കാതിരിക്കാനാണോ കൊച്ചിയിൽ യോഗം വച്ചതെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. അതേസമയം സി.പി.ഐ മന്ത്രിമാരും നേതാക്കളും ചടങ്ങിനെത്തിയത് ടി.പിയുടെ കൂടെ തങ്ങളുണ്ടെന്ന് വിളിച്ചുപറയുന്നതായി.
കേരള രാഷ്ട്രീയത്തിലെ പ്രമുഖർ വിവാഹവേദിയിലേക്ക് ഒഴുകിയെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ ചിഞ്ചുറാണി, പി.പ്രസാദ്, കെ.രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പിമാരായ ശശിതരൂർ, എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, രാഹുൽ മാങ്കൂട്ടത്തിൽ, മുൻ എം.പിമാരായ കെ.മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി നിരവധി നേതാക്കളെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |